ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരം മുടങ്ങിയതില്‍ വിശദീകരണവുമായി ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. മത്സരം മാറ്റിവച്ചത് ഇന്ത്യന്‍ താരങ്ങള്‍ കളിക്കാന്‍ വിസമ്മതിച്ചത് മൂലമാണെന്നും ഐപിഎല്‍ കാരണമല്ലെന്നുമാണ് ഗാംഗുലിയുടെ വിശദീകരണം.
'താരങ്ങള്‍ കളിക്കാന്‍ വിസമ്മതിച്ചു. എന്നാല്‍ അവരെ കുറ്റം പറയാനാവില്ല. ഫിസിയോയായ യോഗേഷ് കുമാറുമായി താരങ്ങള്‍ അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. യോഗേഷിന് രോഗം സ്ഥിരീകരിച്ചപ്പോള്‍ തന്നെ അവര്‍ ഭയപ്പെടുകയും തളരുകയും ചെയ്‌തു.
ബിസിസിഐ ഒരിക്കലും ഒരു നിരുത്തരവാദ ബോർഡായിരിക്കില്ല. ഞങ്ങൾ മറ്റ് ബോർഡുകളെയും വിലമതിക്കുന്നു. മത്സരം ഒരിക്കലും ഉപേക്ഷിക്കില്ല. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്' ഗാംഗുലി പറഞ്ഞു.
അതേസമയം അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 2-1 ന് ഇന്ത്യ മുന്നിലാണ്. മാഞ്ചസ്റ്ററില്‍ നടക്കേണ്ടിയിരുന്ന അഞ്ചാം മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇന്ത്യയുടെ ഫിസിയോയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
also read: ടി20 ലോകകപ്പിന് ശേഷം കോലി വൈറ്റ് ബോള്‍ നായക സ്ഥാനം ഒഴിയും; പകരം രോഹിത് - റിപ്പോര്‍ട്ട്
ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ കൊവിഡ് കേസായിരുന്നു ഇത്. മുഖ്യ പരിശീലകന്‍ രവി ശാസ്‌ത്രിക്കാണ് ഇന്ത്യന്‍ ക്യാമ്പില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ഓവല്‍ ടെസ്റ്റിന്‍റെ നാലാം ദിനത്തെ മത്സരം ആരംഭിക്കുന്നതിന് മുമ്പാണ് ബിസിസിഐ ഇക്കാര്യം അറിയിച്ചത്. പിന്നാലെ ബൗളിങ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധര്‍ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.