സംഗം(ജമ്മുകശ്‌മീർ): രാജ്യത്ത് ഏറ്റവുമധികം ക്രിക്കറ്റ് ബാറ്റുകൾ നിർമിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ജമ്മുകശ്‌മീർ. പ്രതിവർഷം ഒരു ദശലക്ഷം ബാറ്റുകളെങ്കിലും കശ്‌മീരിൽ നിർമിക്കുന്നു എന്നാണ് കണക്ക്. ബാറ്റ് നിർമാണത്തിന് ഉപയോഗിക്കുന്ന വില്ലോ മരങ്ങൾ ധാരാളമായി ഉള്ളതിനാലാണ് കശ്‌മീരിൽ ബാറ്റ് നിർമാണം പ്രധാന വ്യവസായമായി മാറിയത്. എന്നാൽ ഇന്ന് ബാറ്റ് നിർമാണ മേഖലയിൽ കശ്‌മീരിന്‍റെ പഴയ പ്രതാപം നശിച്ചുകൊണ്ടിരിക്കുകയാണ്.
വില്ലോ തോട്ടങ്ങൾ കശ്‌മീരിൽ കുറഞ്ഞു വരുന്നു എന്നതാണ് ഇതിന്‍റെ പ്രധാന കാരണം. വില്ലോ മരങ്ങളുടെ അഭാവം കശ്‌മീരിലെ പ്രശസ്‌തമായ ക്രിക്കറ്റ് ബാറ്റ് വ്യവസായത്തെ ബാധിക്കുകയും ക്രിക്കറ്റിന് ഏറെ പ്രധാന്യമുള്ള ഇന്ത്യയിൽ സ്വദേശീയമായി നിർമിച്ച ബാറ്റുകളുടെ ലഭ്യത കുറയുകയും ചെയ്യുന്ന അപകടകരമായ അവസ്ഥയാണ് ഭാവിയിൽ നിലനിൽക്കുന്നത്.
10,000 ത്തിലധികം ആളുകളാണ് കശ്‌മീരിലെ ബാറ്റ് നിർമാണ മേഖലയിൽ തൊഴിൽ ചെയ്യുന്നത്. വില്ലോ തടിയുടെ ക്ഷാമം വരുന്നതോടെ ബാറ്റ് നിർമാണം തടസപ്പെട്ടാൽ ഇത്രത്തോളം പേർക്ക് തങ്ങളുടെ തൊഴിൽ നഷ്‌ടപ്പെടുന്ന സാഹചര്യവുമുണ്ടാകും. കശ്‌മീരിൽ നിർമിക്കുന്ന ബാറ്റുകളിൽ കൂടുതലും ഇവിടെയെത്തുന്ന ടൂറിസ്റ്റുകളാണ് വാങ്ങുന്നത്. ബാക്കിയുള്ളവ മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നു.