ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റും മാറ്റത്തിന്‍റെ പാതയിലേക്ക്. ചരിത്രത്തില്‍ ആദ്യമായി രഞ്‌ജി ട്രോഫി മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ വനിത അമ്പയര്‍മാരെ നിയോഗിച്ച് ബിസിസിഐ. വൃന്ദ രതി, ജനനി നാരായണന്‍, ഗായത്രി വേണുഗോപാലന്‍ എന്നിവരാണ് രഞ്ജിയുടെ പുതിയ സീസണില്‍ ചരിത്രം കുറിക്കാനൊരുങ്ങുന്നത്. ചെന്നൈ സ്വദേശിയായ ജനനിയും മുംബൈ സ്വദേശിയായ വൃന്ദയും ഐസിസിയുടെ ഡെവലപ്‌മെന്‍റ് അമ്പയർമാരുടെ പാനലിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഡല്‍ഹി സ്വദേശിയായ ഗായത്രി ബിസിസിഐയുടെ അമ്പയര്‍ പാനലില്‍ അംഗമാണ്. നേരത്തെ രഞ്ജി ട്രോഫിയിൽ റിസർവ് അമ്പയറായിരുന്നു ഗായത്രി. മുംബൈയിൽ സ്കോററായി കരിയർ തുടങ്ങിയ 32കാരിയായ വൃന്ദ രതി തുടര്‍ന്നാണ് അമ്പയറിങ്ങിലേക്ക് തിരിയുന്നത്. എന്നാല്‍ 36 കാരിയായ ജനനി തന്‍റെ സോഫ്റ്റ്‌വെയർ എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ചാണ് ഈ രംഗത്തേക്ക് ചുവടുവച്ചത്.
ഡിസംബർ 13-നാണ് രഞ്ജി ട്രോഫിയുടെ പുതിയ സീസണ്‍ ആരംഭിക്കുന്നത്. ഈ സമയം ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യൻ വനിതകളുടെ ഹോം സീരീസ് നടക്കുന്നതിനാല്‍ തെരഞ്ഞെടുത്ത മത്സരങ്ങളാവും മൂവരും നിയന്ത്രിക്കുകയെന്ന് ബിസിസിഐ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ഓസീസിനെതിരായ പരമ്പരയ്‌ക്ക് ശേഷം ന്യൂസിലന്‍ഡ് എ ടീമും ഇന്ത്യയില്‍ പര്യടനത്തിനെത്തുന്നുണ്ട്. തുടര്‍ന്ന് വനിതകളുടെ ആഭ്യന്തര മത്സരങ്ങളും നടക്കുന്നതിനാല്‍ മൂവരുടെയും ഒഴിവുകള്‍ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിസിസിഐയിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള 150 അമ്പയർമാരിൽ നിലവില്‍ മൂന്ന് പേർ മാത്രമാണ് വനിതകൾ. ഇക്കാര്യത്തില്‍ ഇനിയും ഏറെ ബിസിസിഐക്ക് ചെയ്യാനുണ്ടെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഇന്ത്യന്‍ ക്രിക്കറ്റില്‍ ലിംഗ സമത്വം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ഒക്ടോബറില്‍ വനിത താരങ്ങളുടെയും പുരുഷ താരങ്ങളുടെയും മാച്ച് ഫീ തുല്യമാക്കിയിരുന്നു.
Also read:പാകിസ്ഥാന്‍ തോറ്റാല്‍ രോഹിത്തും സംഘവും ചിരിക്കുന്നതെന്തിന്; അതിനൊരു കാരണമുണ്ട്