മെല്‍ബണ്‍: ടി20 ലോകകപ്പിന്‍റെ ആവേശം കൊടിമുടി കയറുകയാണ്. ഇനി ബാക്കിയുള്ളത് മൂന്ന് മത്സരങ്ങളും നാല് ടീമുകളും മാത്രം. സൂപ്പര്‍ 12 പോരാട്ടങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ, പാകിസ്ഥാന്‍, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നീ ടീമുകളാണ് സെമി ഫൈനലിലെത്തിയത്. വീണ്ടുമൊരു ഇന്ത്യ-പാക് ഫൈനലിന് കളമൊരുങ്ങുന്ന രീതിയിലാണ് ഇത്തവണത്തെ സെമി ഫൈനല്‍ ലൈനപ്പ്.
ആദ്യ സെമിയില്‍ ഒന്നാം ഗ്രൂപ്പ് ചാമ്പ്യന്മാരായ ന്യൂസിലന്‍ഡും ഗ്രൂപ്പ് രണ്ടിലെ രണ്ടാം സ്ഥാനക്കാരായ പാകിസ്ഥാനുമാണ് ഏറ്റമുട്ടുക. ബുധാനാഴ്ചയാണ് ഈ മത്സരം നടക്കുക. വ്യാഴാഴ്‌ച നടക്കുന്ന രണ്ടാം സെമിയില്‍ ഗ്രൂപ്പ് രണ്ടിലെ ചാമ്പ്യന്മാരായ ഇന്ത്യയ്‌ക്ക് ഇംഗ്ലണ്ടാണ് എതിരാളി. പ്രവചനാതീതമായ ആവേശപ്പോരില്‍ അടുത്ത രണ്ട് മത്സരങ്ങള്‍ ജയിക്കുന്നവര്‍ക്ക് കിരീടം ചൂടാം. അടുത്ത ഞായറാഴ്ച മെല്‍ബണിലാണ് ഫൈനൽ.
കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലും വിജയിച്ച് ആധികാരികമായാണ് ഇന്ത്യ ടൂര്‍ണമെന്‍റിന്‍റെ സെമിയുറപ്പിച്ചത്. എന്നാല്‍ പുറത്താവലിന്‍റെ വക്കില്‍ നിന്നുമാണ് പാകിസ്ഥാന്‍റെ തിരിച്ച് വരവ്. സൂപ്പര്‍ 12ലെ രണ്ട് മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയ പാകിസ്ഥാന് ദക്ഷിണാഫ്രിക്കയെ നെതര്‍ലാന്‍ഡ്‌സ് അട്ടിമറിച്ചതാണ് മുന്നോട്ടുള്ള വഴി തുറന്നത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോടും സിംബാബ്‌വെയോടുമായിരുന്നു പാക് പടയുടെ തോല്‍വി. ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ വിരാട് കോലിയുടെ ഐതിഹാസിക പ്രകടനമാണ് ഇന്ത്യയ്‌ക്ക് ജയമൊരുക്കിയത്. ഇനി ഇരു ടീമുകള്‍ക്കും സെമി കടക്കാനായാല്‍ ടി20 ലോകകപ്പിന്‍റെ കിരീടപ്പോരിന് വീര്യം കൂടുമെന്നുറപ്പ്.
പ്രഥമ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനുമാണ് ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ച് കിരീടം ചൂടിയിരുന്നു. 2007ല്‍ സെപ്‌റ്റംബര്‍ 24ന് ദക്ഷിണാഫ്രിക്കയിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ അഞ്ച് റണ്‍സിനാണ് ഇന്ത്യ ജയം പിടിച്ചത്. പാകിസ്ഥാനായി മിസ്‌ബാ ഉള്‍ ഹഖ് നിലയുറപ്പിച്ചപ്പോള്‍ ഒരു ഘട്ടത്തില്‍ ഇന്ത്യ തോല്‍വി മണത്തിരുന്നു.
എന്നാല്‍ ജൊഗീന്ദര്‍ ശര്‍മയുടെ പന്തില്‍ സ്‌കൂപ്പിന് ശ്രമിച്ച മിസ്‌ബാ മലയാളി താരം എസ് ശ്രീശാന്തിന്‍റെ കൈകളിലൊതുങ്ങിയതോടെ ഇന്ത്യ ജയം നേടുകയായിരുന്നു. ഇതിന് ശേഷം 2017ലെ ചാമ്പ്യന്‍സ് ട്രോഫിയിലാണ് ഐസിസി ടൂര്‍ണമെന്‍റുകളില്‍ വീണ്ടുമൊരു ഇന്ത്യ-പാക് ഫൈനല്‍ വന്നത്. അന്ന് മുഹമ്മദ് ആമിറിന്‍റെ മികവില്‍ പാക് പട കിരീടം നേടി. ഇനി ഓസീസ് മണ്ണിലും മറ്റൊരു ഇന്ത്യ-പാക് ഫൈനലാണ് ആരാധകര്‍ സ്വപ്‌നം കാണുന്നത്.
also read:T20 World Cup: സിംബാബ്‌വെയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം; സെമി പ്രവേശനം രാജകീയമാക്കി ഇന്ത്യ