കേരളം

kerala

ETV Bharat / sports

Sanju Samson | കിട്ടിയ അവസരങ്ങളെല്ലാം പാഴാക്കി, അവസാന മത്സരത്തിലും നിറം മങ്ങിയതോടെ സഞ്ജു സാംസണ്‍ 'എയറില്‍' - സഞ്ജു സാംസണെതിരെ ആരാധകര്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ മോശം പ്രകടനം നടത്തിയ സഞ്ജു സാംസണെതിരെ ആരാധകര്‍.

Sanju Samson  Fans Trolls Against Sanju Samson  Sanju Samson Trolls  Fans Against Sanju Samson  WI vs IND  സഞ്ജു സാംസണ്‍  സഞ്ജു സാംസണ്‍ ട്രോള്‍സ്  സഞ്ജു സാംസണെതിരെ ആരാധകര്‍  ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്
Sanju Samson

By

Published : Aug 14, 2023, 9:13 AM IST

Updated : Aug 14, 2023, 9:24 AM IST

ഫ്ലോറിഡ:വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ഏറെ നിര്‍ണായകമായ അവസാന മത്സരത്തിലും നിറം മങ്ങിയതോടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് (Sanju Samson) ആരാധകരുടെ വ്യാപക വിമര്‍ശനം. ഫ്ലോറിഡയില്‍ നടന്ന അഞ്ചാം മത്സരത്തില്‍ 9 പന്ത് നേരിട്ട സഞ്ജു 13 റണ്‍സ് നേടിയാണ് പുറത്തായത്. അഞ്ചാം നമ്പറില്‍ ക്രീസിലെത്തിയ താരം രണ്ട് ഫോറടിച്ച റണ്‍സ് കണ്ടെത്തിയെങ്കിലും അധിക നേരം ക്രീസില്‍ പിടിച്ചുനില്‍ക്കാനായിരുന്നില്ല.

11-ാം ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 87ല്‍ നില്‍ക്കെയാണ് സഞ്ജു പുറത്തായത്. റൊമാരിയോ ഷെഫേര്‍ഡിന്‍റെ പന്തില്‍ നിക്കോളാസ് പുരാന് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങിയത്. പരമ്പരയില്‍ കിട്ടിയ മൂന്ന് അവസരങ്ങളും മുതലെടുക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല.

ആദ്യ ടി20യില്‍ ആറാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ എത്തിയ സഞ്ജു 12 റണ്‍സായിരുന്നു നേടിയത്. രണ്ടാം മത്സരത്തിലും താരത്തിന് മികവ് കാട്ടാനായില്ല. ഈ കളിയില്‍ അഞ്ചാം നമ്പറിലേക്ക് സ്ഥാനക്കയറ്റം കിട്ടിയെങ്കിലും 7 റണ്‍സ് മാത്രമായിരുന്നു താരം കണ്ടെത്തിത്.

ഈ രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. പരമ്പരിയില്‍ ടീം ഇന്ത്യ ജയം പിടിച്ച മൂന്നാമത്തെയും നാലാമത്തെയും ടി20യില്‍ സഞ്ജുവിന് ബാറ്റിങ്ങിന് അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍, അവസാന മത്സരത്തില്‍ അവസരം ലഭിച്ചപ്പോള്‍ അത് കൃത്യമായി മുതലെടുക്കാനും സഞ്ജുവിന് സാധിച്ചില്ല.

ടി20 പരമ്പരയില്‍ മോശം പ്രകടനം കാഴ്‌ചവച്ചതോടെ ഏഷ്യ കപ്പ്, ഏകദിന ലോകകപ്പ് സ്ക്വാഡുകളില്‍ ഇടം പിടിക്കാമെന്നുള്ള സഞ്ജുവിന്‍റെ പ്രതീക്ഷകളും ഏറെക്കുെറെ തുലാസിലായി. ഇനി അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലാണ് താരം കളിക്കാനിറങ്ങുന്നത്. ജസ്‌പ്രീത് ബുംറയ്‌ക്ക് കീഴില്‍ അയര്‍ലന്‍ഡിലേക്ക് പറക്കുന്ന ഇന്ത്യന്‍ സംഘത്തിലെ പ്രധാന വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് സഞ്ജു സാംസണ്‍.

ഓഗസ്റ്റ് 18നാണ് ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനം ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് ഇന്ത്യ അയര്‍ലന്‍ഡില്‍ കളിക്കുക. ഈ പരമ്പരയില്‍ സഞ്ജു താളം കണ്ടെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

വിന്‍ഡീസിനെതിരായ മോശം പ്രകടനത്തിന് പിന്നാലെ നിരവധി ട്രോളുകളും സഞ്ജുവിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ലഭിക്കുന്ന അവസരങ്ങളെല്ലാം സഞ്ജു പാഴാക്കുകയാണ് എന്നാണ് പൊതുവെ ഉയരുന്ന വിമര്‍ശനം. അതേസമയം, വിന്‍ഡീസിനെതിരായ അവസാന മത്സരത്തില്‍ എട്ട് വിക്കറ്റിന്‍റെ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 9 വിക്കറ്റ് നഷ്‌ടത്തില്‍ 165 റണ്‍സായിരുന്നു സ്‌കോര്‍ബോര്‍ഡിലേക്ക് ചേര്‍ത്തത്. സൂര്യകുമാര്‍ യാദവും (65) തിലക് വര്‍മയും (27) ഒഴികെ മറ്റാര്‍ക്കും ഇന്ത്യന്‍ നിരയില്‍ തിളങ്ങാനായില്ല. മറുപടി ബാറ്റിങ്ങില്‍ ബ്രാന്‍ഡണ്‍ കിങും നിക്കോളാസ് പുരാനും ചേര്‍ന്നാണ് വിന്‍ഡീസിനെ അനായാസം ജയത്തിലേക്ക് നയിച്ചത്.

Also Read :WI vs IND | ബ്രാന്‍ഡന്‍ കിങ്ങും നിക്കോളസ് പുരാനും 'തകര്‍ത്താടി'; ടി20 പരമ്പര ഇന്ത്യയ്‌ക്ക് നഷ്‌ടം

Last Updated : Aug 14, 2023, 9:24 AM IST

ABOUT THE AUTHOR

...view details