മുംബൈ:ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ടീമിനെ കഴിഞ്ഞ ദിവസമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. നാല് മത്സര പരമ്പരയിലെ ആദ്യ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. വൈറ്റ് ബോളില്‍ തിളങ്ങുന്ന സൂര്യകുമാർ യാദവിനും ഇഷാൻ കിഷനും ടെസ്റ്റ് ടീമിലേക്ക് ആദ്യമായി വിളിയെത്തിയിരുന്നു.
എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ റണ്ണടിച്ച് കൂട്ടുന്ന സര്‍ഫറാസ് ഖാനെ പരിഗണിച്ചിരുന്നില്ല. ഇതിനെ ചോദ്യം ചെയ്‌ത് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് എത്തിയിരിക്കുകയാണ് ആരാധകരും മുന്‍ താരങ്ങളും. ഇന്ത്യയുടെ മുന്‍ പേസര്‍ ദൊഡ്ഡ ഗണേഷ്, മുന്‍ താരവും പ്രശസ്‌ത കമന്‍റേറ്ററുമായ ഹര്‍ഷ ഭോഗ്‌ലെ എന്നിവരും ഇക്കൂട്ടത്തിലുണ്ട്.
രഞ്ജി ട്രോഫിയുടെ 2021-22 പതിപ്പിൽ മുംബൈയെ രണ്ടാം സ്ഥാനക്കാരാക്കുന്നതില്‍ നിര്‍ണായകമായ പങ്കാണ് 25കാരനായ സര്‍ഫറാസ് ഖാനുള്ളത്. സീസണില്‍ 122.75 ശരാശരിയിൽ 982 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. നാല് സെഞ്ചുറികളും രണ്ട് അർദ്ധ സെഞ്ചുറികളും ഉള്‍പ്പെടെയാണ് സര്‍ഫറാസിന്‍റെ പ്രകടനം.
275 റണ്‍സായിരുന്നു ടോപ് സ്‌കോര്‍. നിലവില്‍ പുരോഗമിക്കുന്ന സീസണിലും തന്‍റെ മിന്നും പ്രകടനം സര്‍ഫറാസ് ആവര്‍ത്തിക്കുന്നുണ്ട്. ഇതേവരെ 107.75 ശരാശരിയില്‍ 431 റണ്‍സ് നേടാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. രണ്ട് സെഞ്ചുറികളും ഒരു അര്‍ധ സെഞ്ചുറിയും കണ്ടെത്തിക്കഴിഞ്ഞ താരത്തിന്‍റെ ഇതേവരെയുള്ള ടോപ് സ്‌കോര്‍ 162 റണ്‍സാണ്.
അതേസമയം 2014-ൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം 36 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 12 സെഞ്ചുറികളും ഒമ്പത് അർധസെഞ്ചുറികളും സഹിതം 80.47 ശരാശരിയിൽ 3380 റൺസ് അടിച്ച് കൂട്ടാന്‍ 25കാരന് കഴിഞ്ഞിട്ടുണ്ട്. ഇത്രയും മികച്ച പ്രകടനം പുറത്തെടുത്തിട്ടും താരത്തിന് മുന്നില്‍ ദേശീയ ടീമിന്‍റെ വാതില്‍ തുറക്കാത്തത് അവഗണന തന്നെയെന്നാണ് ആരാധകര്‍ പറയുന്നത്.
'സഞ്ജുവിന് സോഷ്യൽ മീഡിയയിൽ ഉള്‍പ്പെടെ ലഭിക്കുന്ന പിന്തുണ സർഫറാസിനില്ലാത്തതിനാല്‍ അയാള്‍ ഇരയാവുകയാണ്. ഇന്ത്യന്‍ ടീമിലെത്താന്‍ വേണ്ടതിലധികം ആ പാവം ചെയ്‌തു കഴിഞ്ഞു. താരത്തെ ടീമില്‍ ഉള്‍പ്പെടുത്താത്തില്‍ പരം മറ്റൊരു നാണക്കേടില്ല' ഒരു ആരാധകന്‍ ട്വിറ്ററില്‍ കുറിച്ചു.