ഓവല്‍ : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 444 റണ്‍സ് പിന്തുടരുന്ന ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 164 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് നാലാം ദിനത്തില്‍ സ്‌റ്റംപെടുത്തത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (43), ശുഭ്‌മാന്‍ ഗില്‍ (18), ചേതേശ്വര്‍ പുജാര (27) എന്നിവരുടെ വിക്കറ്റായിരുന്നു ഇന്ത്യയ്‌ക്ക് മൂന്നാം ദിനത്തില്‍ നഷ്‌ടമായത്.
ഇതില്‍ ഗില്ലിന്‍റെ പുറത്താവല്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഓസീസ് ഉയര്‍ത്തിയ വലിയ ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ ഇറങ്ങിയ ഇന്ത്യയ്‌ക്കായി ഏകദിന ശൈലിയില്‍ ബാറ്റ് വീശുകയായിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്ക് പിന്തുണ നല്‍കി കളിക്കവെ തീര്‍ത്തും അപ്രതീക്ഷിതമായാണ് ശുഭ്‌മാന്‍ ഗില്ലിന്‍റെ പുറത്താലുണ്ടായത്.
സ്‌കോട്ട് ബോലാന്‍ഡ് എറിഞ്ഞ എട്ടാം ഓവറിന്‍റെ ആദ്യ പന്തില്‍ ഗള്ളിയില്‍ കാമറൂണ്‍ ഗ്രീനാണ് ശുഭ്‌മാന്‍ ഗില്ലിനെ പിടികൂടിയത്. കാമറൂണ്‍ ഗ്രീന്‍ ക്യാച്ചെടുക്കുന്ന സമയത്ത് പന്ത് നിലത്ത് കുത്തിയെന്ന് തോന്നിച്ചതോടെ ഫീല്‍ഡ് അമ്പയര്‍ തീരുമാനം തേര്‍ഡ് അമ്പയര്‍ക്ക് വിട്ടിരുന്നു. ലഭ്യമായ ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷം ക്യാച്ചിന്‍റെ ആധികാരികത തീര്‍ത്തും ഉറപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിക്കുകയായിരുന്നു.
ഈ തീരുമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അതൃപ്‌തി പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. ഈ സംഭവത്തിന് പിന്നാലെ കാമറൂണ്‍ ഗ്രീനിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. താരം പന്തെറിയാനെത്തിയപ്പോള്‍ "കാമറൂൺ ഗ്രീൻ കള്ളനാണ്" എന്ന് ഉറക്കെ വിളിച്ച് ആരാധകർ അധിക്ഷേപിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.