കൊല്‍ക്കത്ത : ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വനിത ഐപിഎല്‍ അനിശ്ചിതത്വത്തില്‍. 2023 മുതൽ വനിത ഐപിഎല്‍ ആരംഭിക്കാനാവുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ നിലവാരമുള്ള കളിക്കാരുടെ അഭാവം കണക്കിലെടുത്ത് വനിത ഐപിഎല്‍ ആരംഭിക്കുന്നത് പ്രായോഗികമല്ലെന്നാണ് ബോർഡിലെ ഒരു വിഭാഗം കരുതുന്നത്.
പേര് വെളിപ്പെടുത്തില്ലെന്ന വ്യവസ്ഥയിൽ ഒരു ബിസിസിഐ ഒഫീഷ്യലാണ് ഇടിവി ഭാരതിനോട് ഇക്കാര്യം പറഞ്ഞത്.'വനിത ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കാൻ ബിസിസിഐ വേണ്ടത്ര ശ്രമിക്കുന്നുണ്ട്, എന്നാൽ വനിത ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം പ്രതിഭകളുടെ കാര്യമായ കുറവുണ്ട്. ഈ ഘട്ടത്തിൽ, വനിത ലീഗ് ആരംഭിക്കുന്നത് മിക്കവാറും അസാധ്യമാണെന്ന് തോന്നുന്നു' - അദ്ദേഹം പറഞ്ഞു.
വനിത താരങ്ങള്‍ കുറവ് : 'നിലവിലെ വനിത താരങ്ങളുടെ എണ്ണം അനുസരിച്ച്, നിലവാരമുള്ള നാലോ-അഞ്ചോ ടീമുകളെ ഉണ്ടാക്കാൻ കഴിയില്ല. പുരുഷ ക്രിക്കറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന് ഇനിയും വര്‍ഷങ്ങളെടുക്കും' - അദ്ദേഹം അറിയിച്ചു.