ഹൈദരാബാദ്: ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യമാകണമെങ്കിൽ ഹാർഡ് ഹിറ്റിങ് ബാറ്റ്സ്മാൻ സഞ്ജു സാംസണ്‍ കളിക്കളത്തിൽ സ്ഥിരത പുലർത്തണമെന്ന് മുൻ ഇന്ത്യൻ പേസ് ബൗളർ അജിത് അഗാർക്കർ. ജൂലൈ 18 ന് ആരംഭിക്കുന്ന ഇന്ത്യ- ശ്രീലങ്ക പരമ്പരക്ക് മുന്നോടിയായാണ് അഗാർക്കർ ഇ.ടി.വി ഭാരതുമായി സംസാരിച്ചത്.
സഞ്ജു യുവതാരമല്ല, സീനിയർ ..
നമുക്കറിയാം സഞ്ജു സാംസണ്‍ ഏറെ കഴിവുകളുള്ള ഒരു ബാറ്റ്സ്മാനാണ്. പുതുമുഖ താരമായിരുന്നെങ്കിൽ അയാൾക്ക് കുറച്ചുകൂടെ അവസരങ്ങൾ ലഭിക്കുമായിരുന്നു. എന്നാൽ അദ്ദേഹം ഇപ്പോൾ ഒരു യുവതാരമല്ല, സീനിയർ പ്ലെയറാണ്. അതിനാൽ ഇനി സ്ഥിരത പുലർത്തേണ്ടത് അത്യാവശ്യമാണ്, അഗാർക്കർ പറഞ്ഞു.
ALSO READ:ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം: ഏകദിന പരമ്പര ജൂലൈ 18ന് തുടങ്ങും
ടി-ട്വന്‍റിയിൽ സ്ഥിരത പുലർത്തുക എന്നത് പ്രയാസമേറിയ കാര്യമാണ്. എന്നിരുന്നാൽ പോലും ടീമിൽ സ്ഥാനമുറപ്പിക്കാൻ ഇപ്പോൾ വലിയ രീതിയിലുള്ള മൽസരമാണ് നടക്കുന്നത്. സഞ്ജുവിനെക്കാളും സ്ഥിരതയുള്ള ധാരാളം കളിക്കാരും ഇപ്പോൾ നിലവിലുണ്ട്. അതിനാൽ സഞ്ജുവിന് അവസരം ലഭിക്കാനുള്ള സാധ്യതകൾ കുറയും.
എന്നാൽ സ്ഥിരതയാർന്ന പ്രകടനം നടത്തുന്നുണ്ടെങ്കിൽ അവസരങ്ങൾ വളരെ കുറവാണെങ്കിൽ പോലും ടീമിൽ സ്ഥാനമുറപ്പിക്കാൻ സഞ്ജുവിന് കഴിയും എന്ന് ഉറപ്പാണ്. അത്രക്ക് കഴിവുള്ള ബാറ്റ്സ്മാനാണ് അദ്ദേഹം, അഗാർക്കർ കൂട്ടിച്ചേർത്തു.
സ്ഥിരത മുഖ്യം...
മുൻപും നിരവധി താരങ്ങൾ സഞ്ജുവിന്‍റെ ബാറ്റിങ് സ്ഥിരതയിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരായ റിഷഭ് പന്തും, കെ. എൽ രാഹുലും മികച്ച പ്രകടനങ്ങളാണ് നടത്തുന്നത്. അതിനാൽ തന്നെ ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കാൻ സഞ്ജുവിന് തന്‍റെ പ്രകടനം ഏറെ മെച്ചപ്പെടുത്തേണ്ടി വരും.
യുവതാരങ്ങൾക്ക് ഏറെ പ്രാധാന്യമുള്ളതാണ് ട്വന്‍റി-ട്വന്‍റി ലോകകപ്പിന് മുന്നോടിയായി ഈ മാസം 16 ന് തുടങ്ങുന്ന ശ്രീലങ്കൻ പരമ്പര. മികച്ച പ്രകടനം നടത്തിയാൽ ലോകകപ്പ് ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്‍റുകളിൽ ടീമിൽ ഇടം നേടാനുള്ള അവസരമാണ് യുവതാരങ്ങളെ കാത്തിരിക്കുന്നത്.