കേരളം

kerala

ETV Bharat / sports

ഐപിഎല്‍ 2019: രാജസ്ഥാൻ റോയല്‍സിന്‍റെ മാച്ച് വിന്നേഴ്സ്

2019 ഐപിഎല്‍ സീസണില്‍ രാജസ്ഥാൻ റോയല്‍സിന്‍റെ വിജയശില്‍പ്പികൾ ഇവരാകും

രാജസ്ഥാൻ റോയല്‍സ്

By

Published : Feb 9, 2019, 7:20 AM IST

2019 ഐപിഎല്‍ സീസൺ ആരംഭിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ ടൂർണമെന്‍റിന് വേണ്ടിയുള്ള തയാറെടുപ്പിലാണ് എല്ലാ ഫ്രാഞ്ചൈസികളും. എല്ലാ ടീമുകളിലും ചില താരങ്ങൾ കാണും ടീമിനെ വിജയത്തിലേക്ക് നയിക്കുന്ന മാച്ച് വിന്നേഴ്സ്.

ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ആദ്യ സീസണില്‍ തകർപ്പൻ പ്രകടനത്തിലൂടെ കിരീടം സ്വന്തമാക്കിയ ടീമാണ് രാജസ്ഥാൻ റോയല്‍സ്. 2019 സീസണില്‍ രാജസ്ഥാൻ റോയല്‍സിന്‍റെ മുന്നേറ്റത്തിന് മുഖ്യപങ്ക് വഹിക്കാൻ പോകുന്ന മൂന്ന് വിദേശ താരങ്ങളാണ് ഇവർ:

#1 ജോസ് ബട്ലർ

ജോസ് ബട്ലർ

ലോകക്രിക്കറ്റില്‍ ഇന്ന് നിലവിലുള്ള മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാളാണ് ഇംഗ്ലണ്ടിന്‍റെ ജോസ് ബട്ലർ. മുംബൈ ഇന്ത്യൻസ് താരമായിരുന്ന ബട്ലറിനെ കഴിഞ്ഞ വർഷമാണ് രാജസ്ഥാൻ റോയല്‍സ് സ്വന്തമാക്കിയത്. താരത്തിനെ മധ്യനിരയില്‍ ബാറ്റിങ്ങിനിറക്കി നോക്കിയെങ്കിലും ശരാശരി പ്രകടനം മാത്രമാണ് പുറത്തെടുത്ത്. എന്നാല്‍ മധ്യനിരയില്‍ കളിച്ചിരുന്ന ബട്ലറെ ഓപ്പണറായി ഇറക്കിയതോടെ തകർപ്പൻ പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. 13 മത്സരങ്ങളില്‍ നിന്ന് 548 റൺസാണ് ബട്ലർ 2018 സീസണില്‍ നേടിയത്.

2019 സീസണിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ബട്ലറിനെ വിട്ടുകൊടുക്കാൻ രാജസ്ഥാൻ റോയല്‍സ് തയാറായില്ല. ലോകകപ്പ് അടുത്തു വരുന്നതിനാല്‍ ഐപിഎല്ലില്‍ താരത്തിന്‍റെ ലഭ്യത രാജസ്ഥാന്‍റെ മുമ്പില്‍ ഒരു ചോദ്യചിഹ്നമായി കിടക്കുന്നു. എന്നിരുന്നാലും ബട്ലറിന് ഈ സീസണില്‍ കളിക്കാൻ കഴിഞ്ഞാല്‍ രാജസ്ഥാന്‍റെ ബാറ്റിങ്ങിന് അത് കരുത്തേക്കുമെന്നത് ഉറപ്പാണ്.

#2 ബെൻ സ്റ്റോക്സ്

ബെൻ സ്റ്റോക്സ്

കഴിഞ്ഞ വർഷത്തെ താരലേലത്തില്‍ 12.5 കോടി രൂപയ്ക്ക് രാജസ്ഥാൻ സ്വന്തമാക്കിയ താരമാണ് ഇംഗ്ലണ്ടിന്‍റെ ഓൾറൗണ്ടറായ ബെൻ സ്റ്റോക്സ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിലവിലുള്ള ഏറ്റവും മികച്ച ഓൾറൗണ്ടർമാരില്‍ ഒരാളായ സ്റ്റോക്സിന് കഴിഞ്ഞ ഐപിഎല്‍ സീസണില്‍ തന്‍റെ കഴിവുകൾ പുറത്തെടുക്കാൻ കഴിഞ്ഞില്ല.

എന്നാല്‍ 2018ലെ അന്താരാഷ്ട്ര മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതില്‍ സ്റ്റോക്സ് വിജയിച്ചു. ഇന്ത്യക്കെതിരായ പരമ്പരയില്‍ ബൗളിങ്ങിലും ബാറ്റിങ്ങിലും മികച്ച പ്രകടനമാണ് സ്റ്റോക്സ് പുറത്തെടുത്തത്. അതുകൊണ്ട് ഈ വരുന്ന സീസണില്‍ സ്റ്റോക്സിന്‍റെ സേവനം രാജസ്ഥാന് ലഭ്യമായാല്‍ അത് ടീമിന് ഏറെ ഗുണം ചെയ്തേക്കും. 2017ല്‍ റൈസിങ് പൂനെ സൂപ്പർജൈന്‍റ്സിന് വേണ്ടിയാണ് സ്റ്റോക്സ് ഐപിഎല്ലില്‍ അരങ്ങേറിയത്. അന്ന് പൂനെയ്ക്ക് വേണ്ടി ഒരു സെഞ്ച്വറിയും പന്ത്രണ്ട് വിക്കറ്റും സ്റ്റോക്സ് നേടിയിരുന്നു. ഈ സീസണില്‍ റോയല്‍സിനെ മുന്നോട്ട് നയിക്കാൻ പ്രാപ്തിയുള്ള താരങ്ങളിലൊരാളാണ് ബെൻ സ്റ്റോക്സ്.

#3 ജോഫ്ര ആർച്ചർ

ജോഫ്ര ആർച്ചർ

രാജസ്ഥാൻ റോയല്‍സിന് വേണ്ടി കളിക്കുന്ന മറ്റൊരു വിദേശ താരമാണ് ജോഫ്ര ആർച്ചർ. വെസ്റ്റ് ഇൻഡീസില്‍ നിന്നുള്ള താരമാണെങ്കിലും ഭാവിയില്‍ ആർച്ചറിനെ ഇംഗ്ലണ്ടിന്‍റെ ജേഴ്സിയില്‍ കാണാൻ സാധിച്ചേക്കും. ലോകമെമ്പാടുമുള്ള ട്വന്‍റി -20 ലീഗുകളിലെ സ്ഥിരസാനിധ്യമാണ് ആർച്ചർ. ഓസ്ട്രേലിയൻ ടി-20 ലീഗായ ബിഗ്ബാഷിലൂടെയാണ് ആർച്ചർ പ്രശസ്തിയിലേക്ക് എത്തുന്നത്.

കഴിഞ്ഞ സീസണില്‍ അരങ്ങേറിയ ആർച്ചർ ഭേദപ്പെട്ട പ്രകടനമാണ് രാജസ്ഥാന് വേണ്ടി കാഴ്ചവച്ചത്. പത്ത് മത്സരങ്ങൾ കളിക്കാൻ അവസരം ലഭിച്ച ആർച്ചർ 21.66 ശരാശരിയില്‍ 15 വിക്കറ്റുകൾ വീഴ്ത്തി. വിവിധ രീതിയിലും വേഗതയിലും പന്തെറിയാൻ കഴിവുള്ള ആർച്ചറിന്‍റെ പന്തുകളെ ബാറ്റ്സ്മാൻമാർക്ക് പലപ്പോഴും മനസിലാക്കാൻ കഴിയാറില്ല. ലോകകപ്പ് ടീമില്‍ ഇടംനേടാൻ സാധ്യതയില്ലാത്തതിനാല്‍ ഐപിഎല്ലിന്‍റെ ആദ്യാവസാനം വരെ ആർച്ചറിന്‍റെ സേവനം റോയല്‍സിന് ലഭ്യമാകും.

ABOUT THE AUTHOR

...view details