ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ രാജസ്ഥാൻ റോയല്‍സ് ഇറങ്ങുന്നത് വലിയ മാറ്റങ്ങളുമായി. ടീമില്‍ വരുത്തിയ മാറ്റങ്ങളെ കൂടാതെ ജേഴ്സിയിലും കൈവച്ചിരിക്കുകയാണ് ടീം മാനേജ്മെന്‍റ്.
പുതിയ സീസണില്‍ രാജസ്ഥാൻ റോയല്‍സ് പിങ്കണിയും - ഐപിഎല്‍
നീല നിറത്തിന് പകരം പിങ്ക് ജേഴ്സിയിലാണ് റോയല്‍സ് ഇത്തവണ കളത്തിലിറങ്ങുക.
പുതിയ സീസൺ ആരംഭിക്കാൻ ഇനി മാസങ്ങൾ മാത്രം ശേഷിക്കെ ടീം ജേഴ്സിയുടെ നിറം മാറ്റിയിരിക്കുകയാണ് കന്നി ഐപിഎല്‍ ചാമ്പ്യൻമാരായ രാജസ്ഥാൻ റോയല്‍സ്. പരമ്പരാഗത നീല നിറത്തിന് പകരം പിങ്ക് ജേഴ്സിയിലാണ് റോയല്‍സ് ഇത്തവണ കളത്തിലിറങ്ങുക. കഴിഞ്ഞ വർഷം ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തില്‍ പിങ്ക് ജേഴ്സി അണിഞ്ഞാണ് രാജസ്ഥാൻ റോയല്‍സ് കളിച്ചത്. അർബുദ രോഗികളെ സഹായിക്കാനുള്ള 'കാൻസർ ഔട്ട്' ക്യാമ്പെയിന്‍റെ ഭാഗമായിയാണ് അന്ന് പിങ്ക് അണിഞ്ഞത്. ആരാധകർ പിങ്ക് നിറം ഏറ്റെടുത്തതോടെ ഇത്തവണ പൂർണമായും പിങ്കിലേക്ക് മാറി ഭാഗ്യം പരീക്ഷിക്കുകയാണ് രാജസ്ഥാൻ. 'പിങ്ക് സിറ്റി' എന്ന് അറിയപ്പെടുന്ന ജയ്പൂരില്‍ നിന്നുള്ള ടീമായതിനാല്‍ രാജസ്ഥാൻ റോയല്‍സിന് ഈ നിറം ഏറെ അനുയോജ്യമായിരിക്കും. സഞ്ജു സാംസൺ ഉൾപ്പെടെയുള്ള രാജസ്ഥാൻ താരങ്ങൾ പുതിയ ജേഴ്സിയില്‍ നില്‍ക്കുന്ന ചിത്രം രാജസ്ഥാൻ റോയല്‍സ് പുറത്തുവിട്ടു.
ഐപിഎല്ലില്‍ ജേഴ്സിയുടെ നിറം മാറ്റുന്നത് സാധാരണയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആദ്യ സീസണുകളില്‍ കറുത്ത ജേഴ്സിയാണ് അണിഞ്ഞിരുന്നത്. ജ്യോത്സ്യന്‍റെ ഉപദേശപ്രകാരം അവർ കറുപ്പില്‍ നിന്നും കടുംനീല നിറത്തിലേക്ക് മാറുകയും ചെയ്തു. പിന്നീട് 2012ലും 2014ലും കൊല്‍ക്കത്ത കിരീടം നേടിയിരുന്നു.