കറാച്ചി : ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് പാകിസ്ഥാനിൽ വലിയ ആരാധക വൃന്ദമാണുള്ളത്. നിലവിലെ താരങ്ങളില്‍ അയല്‍ രാജ്യത്ത് ഏറ്റവും വലിയ ഫാന്‍ ബേസുള്ളത് വിരാട് കോലിക്കാണ്. നിരവധി പാക് താരങ്ങളുള്‍പ്പടെയാണ് താരത്തിന്‍റെ ആരാധകരുടെ പട്ടികയിലുള്ളത്.
കഴിഞ്ഞ ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഒറ്റയാള്‍ പോരാട്ടത്തിലൂടെയാണ് കോലി ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 19ാം ഓവറില്‍ പാക് പേസര്‍ ഹാരിസ് റൗഫ് വഴങ്ങിയ രണ്ട് സിക്‌സുകളാണ് ഇന്ത്യയുടെ വിജയത്തില്‍ വഴിത്തിരിവായത്. ഈ സിക്‌സറുകള്‍ തന്നെ നടുക്കിയതായി താരം തുറന്ന് പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഹാരിസ് റൗഫ് പങ്കെടുത്ത ഒരു ടിവി ഷോയുടെ ഭാഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കണ്ണുകെട്ടി കാഴ്‌ച മറച്ച് ടിവി സ്ക്രീനിലെ ചിത്രത്തിലുള്ള വ്യക്തിയെ തിരിച്ചറിയാനുള്ള ടാസ്‌ക്കാണ് ഷോയ്‌ക്കിടെ പാക് പേസര്‍ക്ക് ആങ്കര്‍ നല്‍കിയിരുന്നത്. വിരാട് കോലിയുടെ ചിത്രമായിരുന്നു സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.
വ്യക്തിയിലേക്കുള്ള സൂചനയായി അയാള്‍ മാരകമായി നിങ്ങളേയും അടിച്ചിട്ടുണ്ടെന്നാണ് ആങ്കര്‍ പറഞ്ഞത്. അയാള്‍ ഒരു ക്രിക്കറ്റര്‍ ആണോയെന്ന റൗഫിന്‍റെ ചോദ്യത്തിന് അതേയെന്ന് ഉത്തരം ലഭിച്ചതോടെ മറ്റൊന്നും ആലോചിക്കാതെയാണ് താരം കോലിയുടെ പേര് പറഞ്ഞത്.
ഇതിനുശേഷം കോലി തനിക്കെതിരെ നേടിയ സിക്‌സുകളെ പറ്റിയും റൗഫ് സംസാരിച്ചു. കോലിക്ക് തന്നെ വീണ്ടും ആ ഷോട്ട് കളിക്കാന്‍ കഴിഞ്ഞേക്കില്ലെന്നും റൗഫ് പറഞ്ഞു. "ക്രിക്കറ്റ് അറിയാവുന്ന ആർക്കും അറിയാം കോലി എങ്ങനെയുള്ള താരമാണെന്ന്.
അപ്പോള്‍ അദ്ദേഹം ആ ഷോട്ട് കളിച്ചെങ്കിലും ഇനി വീണ്ടും ചെയ്യാന്‍ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. അത്തരം ഷോട്ടുകൾ വളരെ അപൂർവമാണ്, നിങ്ങൾക്ക് അവ തുടര്‍ച്ചയായി കളിക്കാന്‍ കഴിയില്ല. കോലിയുടെ ടൈമിങ് മികച്ചതായതുകൊണ്ടാണ് അത് സിക്‌സായത്" - റൗഫ് പറഞ്ഞു.
ഹാരിസ് റൗഫ് എറിഞ്ഞ 19ാം ഓവറിലെ അഞ്ചും ആറും പന്തുകളിലാണ് കോലി സിക്‌സുകള്‍ നേടിയത്. റൗഫിന്‍റെ അഞ്ചാം പന്ത് ഒരു ബാക്ക് ഫൂട്ട് പഞ്ചിലൂടെ ലോങ് ഓണിലേക്കാണ് കോലി പറത്തിയത്. തുടര്‍ന്ന് അവസാന പന്ത് ബിഹൈന്‍ഡ് സ്‌ക്വയര്‍ ലഗ്ഗിലേക്ക് ഫ്ലിക്കും ചെയ്‌തു.
ലോകത്ത് കോലിക്കല്ലാതെ മറ്റൊരു താരത്തിനും അത്തരം ഷോട്ടുകള്‍ കളിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും ഹാരിസ് റൗഫ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആ സിക്‌സുകള്‍ ദിനേശ് കാർത്തിക്കോ ഹാർദിക് പാണ്ഡ്യയോ അടിച്ചിരുന്നെങ്കിൽ തനിക്ക് വേദനിക്കുമായിരുന്നു. പക്ഷെ ക്ലാസ് വേറെയാണെന്നും താരം വ്യക്തമാക്കി.
Also read:ഉമ്രാന്‍ അടിവാങ്ങുന്നത് എന്തുകൊണ്ട് ? ; കാരണം ചൂണ്ടിക്കാട്ടി സല്‍മാന്‍ ബട്ട്
മത്സരത്തില്‍ പാകിസ്ഥാന്‍ നേടിയ 159 റണ്‍സ് ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് ഇന്ത്യ മറികടന്നത്. വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്‌ക്ക് അവസാന എട്ട് പന്തില്‍ 28 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. തുടര്‍ന്ന് കോലി നടത്തിയ മിന്നും പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
പുറത്താകാതെ 52 പന്തിൽ 83 റൺസാണ് കോലി അടിച്ചെടുത്തത്. താരത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച ടി20 ഇന്നിങ്‌സുകളില്‍ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.