ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ കരുത്തരുടെ പോരാട്ടത്തില്‍ ലിവര്‍പൂളിനെതിരെ ആഴ്‌സണിന് വിജയം. സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പീരങ്കിപ്പട ജയം പിടിച്ചത്. ആഴ്‌സണലിനായി ബുക്കായോ സാക്ക ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയും ലക്ഷ്യം കണ്ടു.
ഡാര്‍വിന്‍ ന്യൂനസ്, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവരാണ് ലിവര്‍പൂളിനായി ഗോളടിച്ചത്. കളിയുടെ ആദ്യ മിനിട്ടില്‍ തന്നെ മാര്‍ട്ടിനെല്ലിയിലൂടെ ആഴ്‌സണല്‍ മുന്നിലെത്തി. ഈ ഗോളിന് 34-ാം മിനിട്ടില്‍ ന്യൂനസിലൂടെ ലിവര്‍പൂള്‍ മറുപടി നല്‍കി.
എന്നാല്‍ ആദ്യ പകുതിയുടെ അധിക സമയത്ത് ബുക്കായോ സാക്ക ആഴ്‌ണസിനെ വീണ്ടും മുന്നിലെത്തിച്ചു. ഇതോടെ രണ്ടാം പകുതിയില്‍ ഉണര്‍ന്നുകളിച്ച ലിവര്‍പൂള്‍ 53ാം മിനിട്ടില്‍ വീണ്ടും ഒപ്പം പിടിച്ചു. ലൂയിസ് ഡയസിന് പകരക്കാരനായെത്തിയ ഫിര്‍മിനോയാണ് ഇക്കുറി ലക്ഷ്യം കണ്ടത്.
പക്ഷെ 76ാം മിനിട്ടില്‍ ആഴ്‌സണലിന് ലഭിച്ച പെനാല്‍റ്റി കളിയുടെ വിധി നിര്‍ണയിച്ചു. ലിവര്‍പൂള്‍ ബോക്‌സിനകത്ത് ഗബ്രിയേല്‍ ജെസ്യൂസിനെ തിയാഗോ ഫൗള്‍ ചെയ്തിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത സാക്ക തന്‍റെ രണ്ടാം ഗോളും ആഴ്‌സണലിന്‍റെ വിജയവും ഉറപ്പിച്ചു.