ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ചയായ ഒരു വാക്കാണ് 'ബാസ്‌ബോൾ'. ടെസ്റ്റ് ക്രിക്കറ്റിന്‍റെ സമവാക്യങ്ങൾ മാറ്റിയെഴുതിയ ഇംഗ്ലണ്ടിന്‍റെ പുത്തൻ സമീപനത്തെയാണ് ആരാധകർ ബാസ്‌ബോൾ എന്ന പേരിട്ട് വിളിക്കുന്നത്. ധീരവും അപകടസാധ്യതയുള്ളതുമായ കളിയുടെ ശൈലിക്ക് അംഗീകാരമായി ബാസ്ബോൾ എന്ന വാക്ക് കോളിൻസ് നിഘണ്ടുവിൽ ഇടംപിടിച്ചിരിക്കുകയാണ്. കോളിൻസിന്‍റെ ഈ വർഷത്തെ 10 വാക്കുകളിൽ ഒന്നാണ് ഈ വാക്ക്. കൂടാതെ ഈ വർഷത്തെ വേഡ് ഓഫ് ദി ഇയറിനായുള്ള ചുരുക്കപട്ടികയിലും ഉൾപ്പെട്ടിരുന്നു.
എന്നാൽ നിഘണ്ടുവിൽ ബാസ്‌ബോൾ എന്ന വാക്ക് ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഓസ്‌ട്രേലിയൻ താരം മാർനസ് ലബുഷെയ്‌ന്‍റെ മറുപടി അത്ര മതിപ്പുളവാക്കുന്നതായിരുന്നില്ല. ഈ വാക്കിനെ 'മാലിന്യം' എന്നാണ് തമാശരൂപേണ ഓസീസ് ബാറ്റർ വിശേഷിപ്പിച്ചത്. ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ഏറ്റുമുട്ടാനിരിക്കെയാണ് ലബുഷെയ്‌ന്‍റെ പരിഹാസരൂപേണയുള്ള പ്രതികരണം. 'ബാസ്‌ബോൾ അതൊരു മാലിന്യമാണ്, സത്യസന്ധമായി പറഞ്ഞാൽ അത് എന്താണെന്ന് എനിക്കറിയില്ല'. ക്രിക്കറ്റ്.കോം.എയു അപ്‌ലോഡ് ചെയ്‌ത വീഡിയോയിൽ ലബുഷെയ്‌ൻ പറഞ്ഞു.
എന്താണ് 'ബാസ്‌ബോൾ'...?: 'വളരെ ആക്രമണാത്മകമായി കളിച്ച് മത്സരത്തിൽ മേധാവിത്വം നേടുന്നതിനായി ബാറ്റിങ് ടീം ശ്രമിക്കുന്ന ഒരു ടെസ്റ്റ് ക്രിക്കറ്റ് ശൈലി' എന്നാണ് ബാസ്‌ബോളിനെ നിഘണ്ടുവിൽ വിശേഷിപ്പിച്ചിരുക്കുന്നത്. നിഘണ്ടുവിലെ നിർവചനം പോലെത്തന്നെ ന്യൂസിലൻഡ് വെടിക്കെട്ട് ബാറ്ററായ ബ്രണ്ടൻ മക്കല്ലം ഇംഗ്ലണ്ടിന്‍റെ പരിശീലകനായി എത്തുന്നതോടെയാണ് ഈ വാക്കും ക്രിക്കറ്റ് ലോകത്തിന് പരിചിതമാകുന്നത്. ജോ റൂട്ട് ടെസ്റ്റ് ടീം നായകസ്ഥാനം ഉപേക്ഷിച്ച ആ സ്ഥാനത്ത് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് എത്തിയതും ഈ മാറ്റത്തിൽ നിർണായകമായി. ഇതോടെ ഇംഗ്ലണ്ട് ടീമിന്‍റെ പുതിയ കളിശൈലിയെ മക്കല്ലത്തിന്‍റെ വിളിപ്പേരായ 'ബാസ്' ചേർത്ത് ആരാധകർ 'ബാസ്‌ബോള്‍' എന്ന് വിളിക്കുകയായിരുന്നു.