ലണ്ടന്‍: ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് താരങ്ങളായ കാതറിന് ബ്രണ്ടും നതാലി സിവറും വിവാഹിതരായി. അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
“വിവാഹിതരായ കാതറിൻ ബ്രണ്ടിനും നാറ്റ് സ്കിവറിനും ഞങ്ങളുടെ ഊഷ്മളമായ അഭിനന്ദനങ്ങൾ,” ഇംഗ്ലണ്ട് ക്രിക്കറ്റ് ട്വീറ്റ് ചെയ്തു. 2017ലെ വനിത ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ടീമിന്റെ ഭാഗമായിരുന്നു 36കാരിയായ ബ്രണ്ടും 29കാരിയായ സിവറും. 2019 ഒക്ടോബറിലാണ് ഇരുവരുടേയും വിവാഹനിശ്ചയം നടന്നത്.
2020 സെപ്റ്റംബറിൽ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് കാരണം നീണ്ട് പോവുകയായിരുന്നു. ഇംഗ്ലണ്ടിനായി 14 ടെസ്റ്റ് മത്സരങ്ങളും 140 ഏകദിനങ്ങളും 96 ടി20 മത്സരങ്ങളുമാണ് പേസ് ബൗളറായ കാതറിന് കളിച്ചിട്ടുള്ളത്. ടെസ്റ്റില്‍ 51 വിക്കറ്റുകള്‍ നേടിയ താരം ഏകദിനത്തില്‍ 167 വിക്കറ്റുകളും ടി20യില്‍ 98 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
also read: IPL 2022: കളിക്കുന്നത് ഡൽഹിക്ക് വേണ്ടി, ഹൃദയത്തിൽ രാജസ്ഥാൻ; വൈറലായി സക്കറിയ
ഓൾറൗണ്ടറായ നതാലി ഇംഗ്ലണ്ടിനായി ഏഴ് ടെസ്റ്റുകളും 89 ഏകദിനങ്ങളും 91 ടി20കളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 343 റണ്‍സും 9 വിക്കറ്റുകളും നേടിയ താരം ഏകദിനത്തില്‍ 2711 റണ്‍സും 59 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ടി20യില്‍ 1720 റൺസും 72 വിക്കറ്റുകളുമാണ് താരത്തിന്റെ സമ്പാദ്യം.