ബ്രിസ്റ്റോൾ : ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര 2-1ന് സ്വന്തമാക്കി ഇംഗ്ലണ്ട്. പരമ്പരയിലെ അവസാന മത്സരത്തില്‍ 7 വിക്കറ്റിനാണ് ആതിഥേയര്‍ ജയം നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 123 റണ്‍സ് വിജയലക്ഷ്യം അനായാസമാണ് ഇംഗ്ലണ്ട് വനിതകള്‍ മറികടന്നത്.
ഇന്ത്യന്‍ വനിതകള്‍ ഉയര്‍ത്തിയ 123 റൺസിന്‍റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ സോഫിയ ഡങ്ക്ലിയും ഡാനി വ്യാറ്റും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 70 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പത്താം ഓവറില്‍ ഡനി വെയ്‌ററിനെ മടക്കി സ്‌നേഹ റാണ കൂട്ടുകെട്ട് പൊളിച്ചു.
പിന്നാലെ പന്ത്രണ്ടാം ഓവറില്‍ അര്‍ധ സെഞ്ച്വറിക്ക് ഒരു റണ്‍ അകലെ സോഫിയ ഡങ്ക്ലി പുറത്തായി. പൂജ വസ്‌ത്രാകറാണ് വിക്കറ്റ് നേടിയത്. തൊട്ടടുത്ത ഓവറില്‍ ഇംഗ്ലീഷ് നായകന്‍ എമി ജോണ്‍സിനെ മടക്കി രാധ യാദവ് ഇന്ത്യയ്‌ക്ക് പ്രതീക്ഷ നല്‍കി.
മൂന്നാമതായി ക്രീസിലെത്തി നിലയുറപ്പിച്ച ആലീസ് കാപ്‌സി (38) ബ്രയോണി സ്‌മിത്തിനൊപ്പം (13) 18.2 ഓവറില്‍ ആതിഥേയര്‍ക്ക് ജയവും പരമ്പരയും സമ്മാനിക്കുകയായിരുന്നു. നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ വനിതകളെ ഇംഗ്ലണ്ട് ബോളര്‍മാര്‍ വരിഞ്ഞ് മുറുക്കുകയായിരുന്നു. ഇന്ത്യന്‍ മുന്‍ നിരയും മധ്യ നിരയും തകര്‍ന്ന മത്സരത്തില്‍ റിച്ച ഘോഷ് (33) ദീപ്‌തി ശര്‍മ (24) പൂജ വസ്ത്രാകര്‍ (19) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. മത്സരത്തില്‍ സോഫി എക്ലെസ്റ്റോൺ ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് സ്വന്തമാക്കി.