ലണ്ടന്‍: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ ഇംഗ്ലണ്ടിന് വിജയം. മഴ കളിച്ച മത്സരത്തില്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരം 18 റണ്‍സിനാണ് ആതിഥേയരുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു.
മറുപടിക്കിറങ്ങിയ ഇന്ത്യ 8.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെടുത്ത് നില്‍ക്കെയാണ് മഴ മൂലം മത്സരം അവസാനിപ്പിച്ചത്. 24 പന്തില്‍ 17 റണ്‍സെടുത്ത ഹാർലീൻ ഡിയോൾ, ഏഴ് പന്തില്‍ നാല് റണ്‍സെടുത്ത ദീപ്തി ശര്‍മ എന്നിവരാണ് ക്രീസിലുണ്ടായിരുന്നത്.
also read: ആൻഡ്രിയ എട്ട് വയസ്: സിനിമ മുതല്‍ ജിംനാസ്‌റ്റിക്‌സ് വരെ, ഇവൾ താരമല്ല, സൂപ്പർ താരമാണ്
സ്മൃതി മന്ദാന 17 പന്തില്‍ 29 റണ്‍സെടുത്തു. റണ്‍ ഒന്നുമെടുക്കാതെ ഷഫാലി വര്‍മയേയും ഒരു റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനേയും ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ഇംഗ്ലണ്ടിനായി കാതറിൻ ബ്രന്‍റ് , നതാലി സ്കൈവർ, സോഫി എക്ലെസ്റ്റോൺ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
നിര്‍ണായകമായി നാറ്റ് സ്കൈവർ
27 പന്തില്‍ 55 റണ്‍സെടുത്ത നാറ്റ് സ്കൈവറിന്‍റെ പ്രകടനമാണ് ആതിഥേയര്‍ക്ക് തുണയായത്. ആമി ജോൺസ് 27 പന്തില്‍ 43റണ്‍സും, ഡാനി വ്യാറ്റ് 28 പന്തില്‍ 31 റണ്‍സും കണ്ടെത്തി. ഇന്ത്യയ്ക്കായി ശിഖ പാണ്ഡെ നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
പൂനം യാദവ് 32 റണ്‍സ് വിട്ടുകൊടുത്തും രാധ യാദവ് 33 റണ്‍സ് വിട്ടുകൊടുത്തും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ ഇംഗ്ലണ്ട് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം ജൂലൈ 11നും മൂന്നാം മത്സരം 14നും നടക്കും.