ലോര്‍ഡ്‌സ് : ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട് (England vs New Zealand ODI Series). ലോര്‍ഡ്‌സില്‍ (Lord's) നടന്ന പരമ്പരയിലെ നാലാമത്തെയും അവസാനത്തേയും മത്സരത്തില്‍ കിവീസിനെ 100 റണ്‍സിനാണ് ആതിഥേയരായ ഇംഗ്ലണ്ട് തകര്‍ത്തത് (England vs New Zealand Final ODI Result). മത്സരത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 312 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 38.2 ഓവറില്‍ 211 റണ്‍സില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു (England vs New Zealand Fourth ODI Score).
312 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ന്യൂസിലന്‍ഡിന് തുടക്കം തന്നെ പാളി. 52 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആദ്യ മൂന്ന് വിക്കറ്റും അവര്‍ക്ക് നഷ്‌ടമായിരുന്നു. ഡെവോണ്‍ കോണ്‍വേ (7), വില്‍ യങ് (24), ഡാരില്‍ മിച്ചല്‍ (4) എന്നിവരെയാണ് കിവീസിന് ആദ്യം നഷ്‌ടപ്പെട്ടത്.
ഹെൻറി നിക്കോള്‍സിന്‍റെ 41 റണ്‍സ് പ്രകടനമാണ് സന്ദര്‍ശകരെ നൂറ് കടത്തിയത്. നായകന്‍ ടോം ലാഥമിന് മികവിലേക്ക് ഉയരാനായില്ല. ഏഴാം നമ്പറിലെത്തിയ രചിന്‍ രവീന്ദ്രയുടെ അര്‍ധസെഞ്ച്വറി പ്രകടനമാണ് കിവീസിന്‍റെ തോല്‍വി ഭാരം കുറച്ചത്.
48 പന്തില്‍ 61 റണ്‍സ് നേടിയ രചിന്‍ രവീന്ദ്രയെ ആയിരുന്നു അവസാനം കിവീസിന് നഷ്‌ടമായത്. പരിക്കേറ്റ വെറ്ററന്‍ പേസര്‍ ടിം സൗത്തി മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ എത്തിയിരുന്നില്ല. ഇംഗ്ലണ്ടിനായി പന്തെറിഞ്ഞ മൊയീന്‍ അലി മത്സരത്തില്‍ നാല് വിക്കറ്റാണ് നേടിയത്.