ആംസ്റ്റെല്‍വീന്‍ (നെതര്‍ലന്‍ഡ്‌സ്): ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ പിറന്ന മത്സരമാണ് ഇംഗ്ലണ്ടും നെതര്‍ലന്‍ഡ്‌സും തമ്മില്‍ നടന്നത്. ആംസ്റ്റെല്‍വീനിലെ വിആര്‍എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ 50 ഓവറില്‍ 498 റണ്‍സ് അടിച്ചെടുത്താണ് സ്വന്തം റെക്കോഡ് ഇംഗ്ലീഷ് പട തിരുത്തിയെഴുതിയത്. എന്നാല്‍ മത്സരത്തിനിടെയുണ്ടായ രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
ഇംഗ്ലണ്ട് ഇന്നിങ്‌സിന്‍റെ ഒമ്പതാം ഓവറിലായിരുന്നു സംഭവം. നെതര്‍ലന്‍ഡ്‌സ് സ്‌പിന്നര്‍ പീറ്റര്‍ സീലാറിന്‍ഫെയുടെ പന്തില്‍ ഡേവിഡ് മലാന്‍ അടിച്ച ഒരു പടുകൂറ്റന്‍ സിക്‌സര്‍ നേരെ ചെന്ന് വീണത് സ്റ്റേഡിയത്തിന് പുറത്തെ കുറ്റിക്കാട്ടില്‍. തുടര്‍ന്ന് പന്ത് തപ്പി ഗ്രൗണ്ട് സ്റ്റാഫിനൊപ്പം നെതര്‍ലന്‍ഡ്‌സ് താരങ്ങളും കളത്തിലിറങ്ങുകയായിരുന്നു.