സതാംപ്‌ടൺ: നായകനെന്ന നിലയില്‍ അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റില്‍ 1000 റണ്‍സ് തികയ്‌ക്കുന്ന വേഗമേറിയ ഇന്ത്യന്‍ താരമായി രോഹിത് ശർമ. സതാംപ്‌ടണില്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് രോഹിത്തിന്‍റെ നേട്ടം. മുന്‍ നായകന്മാരായ വിരാട് കോലി, എംഎസ് ധോണി എന്നിവരെയാണ് പ്രസ്‌തുത റെക്കോഡില്‍ ഹിറ്റ്‌മാന്‍ പിന്നിലാക്കിയത്.
മത്സരത്തില്‍ 14 പന്തില്‍ അഞ്ച് ബൗണ്ടറികളോടെ 24 റണ്‍സാണ് രോഹിത് അടിച്ചെടുത്തെത്. ഇതോടെ ക്യാപ്‌റ്റനെന്ന നിലയില്‍ 1011 റണ്‍സാണ് നിലവില്‍ രോഹിത്തിന്‍റെ പേരിലുള്ളത്. രോഹിത്തിന്‍റെ 29-ാം ഇന്നിങ്‌സായിരുന്നു ഇത്. 30 ഇന്നിങ്‌സുകളിലാണ് വിരാട് കോലി ക്യാപ്‌റ്റനെന്ന നിലയില്‍ ആയിരം റണ്‍സ് നേടിയത്.
അതേസമയം മത്സരത്തില്‍ ഇന്ത്യ 50 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം നേടിയിരുന്നു. ഇതോടെ ടി20 ക്യാപ്‌റ്റന്‍സിയില്‍ പുതുചരിത്രമെഴുതാനും രോഹിത്തിന് കഴിഞ്ഞു. തുടർച്ചയായി ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍ ജയിച്ച ക്യാപ്‌റ്റനെന്ന റെക്കോഡാണ് രോഹിത് നേടിയത്.
അന്താരാഷ്‌ട്ര ടി20യില്‍ ക്യാപ്‌റ്റനെന്ന നിലയില്‍ രോഹിത്തിന്‍റെ തുടര്‍ച്ചയായ 13-ാം വിജയമാണിത്. ഇതോടെ ബംഗ്ലാദേശ് താരം അഷ്‌ഗര്‍ അഫ്‌ഗാന്‍ (2018 മുതല്‍ 2020), റൊമാനിയയുടെ രമേഷ് സതീശൻ (2020 മുതൽ 2021) എന്നിവരുടെ റെക്കോഡാണ് പഴങ്കഥയായത്. ടി20യില്‍ തുടര്‍ച്ചയായ 12 അന്താരാഷ്‌ട്ര വിജയങ്ങളാണ് ഇരുവര്‍ക്കുമുള്ളത്.
കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിന് പിന്നാലെയാണ് രോഹിത് ഇന്ത്യയുടെ മുഴുവന്‍ സമയ ക്യാപ്‌റ്റനാവുന്നത്. ഇതിന് പിന്നാലെ ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക ടീമുകൾക്കെതിരെ നാട്ടിൽ നടന്ന മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരകൾ ഇന്ത്യ തൂത്തുവാരിയിരുന്നു.
2019 മുതല്‍ കോലിയുടെ അഭാവത്തില്‍ രോഹിത്ത് ഇന്ത്യയെ നയിച്ചിട്ടുണ്ട്. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരായാണ് ക്യാപ്‌റ്റനെന്ന നിലയില്‍ രോഹിത്തിന്‍റെ വിജയ കുതിപ്പ് ആരംഭിച്ചത്. തുടര്‍ന്ന് ന്യൂസിലന്‍ഡിന് എതിരായ പരമ്പരയിലെ ഒരു മത്സരത്തിലും രോഹിത് ഇന്ത്യയെ നയിച്ചിരുന്നു.
also read:ഹാര്‍ദിക് തിളങ്ങി; ഇംഗ്ലണ്ടിനെതിരെ കരുത്ത് കാട്ടി ഇന്ത്യ, ഒന്നാം ടി20യില്‍ 50 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം