നോട്ടിങ്‌ഹാം : സമീപകാലത്ത് റണ്‍ വരള്‍ച്ച നേരിടുന്ന ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയെ ടീമില്‍ നിന്ന് പുറത്താക്കണമെന്നത് ഉള്‍പ്പടെയുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. സമീപ കാലത്ത് വലിയ സ്‌കോര്‍ കണ്ടെത്താനാവാതെ വലഞ്ഞ താരം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലും അതാവര്‍ത്തിച്ചതോടെയാണ് ഇത്തരം സ്വരങ്ങള്‍ക്ക് ബലംവച്ചത്.
ഇംഗ്ലണ്ടിനെതിരായ രണ്ട് മത്സരങ്ങളിലും തുടക്കം തൊട്ട് ആക്രമിച്ച് കളിക്കാന്‍ ശ്രമം നടത്തിയെങ്കിലും താരം പരാജയപ്പെടുകയായിരുന്നു. നോട്ടിങ്‌ഹാമില്‍ നടന്ന മൂന്നാം ടി20യില്‍ ഡേവിഡ് വില്ലിക്കെതിരെ തുടര്‍ച്ചയായി ഫോറും സിക്‌സും അടിച്ചാണ് കോലി തുടങ്ങിയത്.
ഈ ഓവറില്‍ തന്നെ വില്ലിയെ എക്‌സ്‌ട്ര കവറിന് മുകളിലൂടെ സിക്‌സറിന് പായിക്കാനുള്ള ശ്രമം ജേസണ്‍ റോയിയുടെ കയ്യില്‍ അവസാനിച്ചതാണ് കോലിക്ക് തിരിച്ചടിയായത്. പുറത്താകുമ്പോള്‍ ആറ് പന്തില്‍ 11 റണ്‍സായിരുന്നു കോലിയുടെ നേട്ടം. കോലിയുടെ ഈ ബാറ്റിങ് സമീപനത്തെ പുകഴ്‌ത്തി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്‍റെ മുന്‍ താരം ഗ്രെയിം സ്വാൻ.
മറ്റൊരു ദിവസം കോലി ആ പന്ത് ബൗണ്ടറിക്കപ്പുറം പായിക്കുമെന്ന് സ്വാൻ പറഞ്ഞു.'ഇംഗ്ലണ്ട് ബൗളർമാർക്കെതിരെ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച കോലിയുടെ ബാറ്റിങ് സമീപനം വളരെയധികം ഇഷ്‌ടമായി. അദ്ദേഹം ഒരു ബൗണ്ടറിയും ഒരു സിക്‌സും അടിച്ചു. ഇന്ന് പുറത്തായ ആ പന്ത് മറ്റൊരു ദിവസം ബൗണ്ടറിയിലേക്ക് പറന്നുയരും. ഒരു ഇടവേള എടുക്കാൻ കഴിയാത്തയത്രയും മികച്ച ഫോമിലാണ് കോലിയുള്ളത്' - സ്വാൻ പറഞ്ഞു.
also read: 'അശ്വിനെ ടെസ്റ്റിൽ നിന്ന് മാറ്റാമെങ്കില്‍ കോലിയെ എന്തുകൊണ്ട് ടി20യിൽ നിന്ന് ഒഴിവാക്കിക്കൂടാ': കപിൽ ദേവ്
അതേസമയം കോലിക്കെതിരായ വിമര്‍ശനങ്ങളോട് കടുത്ത രീതിയിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പ്രതികരിച്ചത്. ഇത്തരം അഭിപ്രായങ്ങള്‍ പറയുന്ന വിദഗ്‌ധർ ആരാണെന്നും അവരെ എന്തുകൊണ്ടാണ് വിദഗ്‌ധർ എന്ന് വിളിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും രോഹിത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഫോമിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, എല്ലാവര്‍ക്കും താഴ്‌ചയും ഉയര്‍ച്ചയുമുണ്ടാകും. അഭിപ്രായങ്ങൾ പറയുന്നവര്‍ ഒരു കളിക്കാരന്‍റെ നിലവാരം ഒരിക്കലും കുറയുന്നില്ലെന്ന് ഓർക്കണമെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.