ഓവല്‍: ഇംഗ്ളണ്ടിന് എതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം. ഓവല്‍ ടെസ്റ്റില്‍ 157 റൺസിനാണ് ഇന്ത്യയുടെ ജയം. അഞ്ചാം ദിനം 368 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 210 റൺസിന് എല്ലാവരും ഓൾ ഔട്ടാകുകയായിരുന്നു. വിക്കറ്റ് നഷ്ടമാകാതെ 100 റൺസ് പിന്നിട്ട ശേഷമാണ് ഇംഗ്ലീഷ് പട കൂട്ടത്തകർച്ചയെ നേരിട്ടത്. ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന്, ജസ്‌പ്രീത് ബുംറ രവി ജഡേജ, ശാർദുർ താക്കൂർ എന്നിവർ രണ്ട് വീതം വിക്കറ്റും നേടി.
ഇംഗ്ലീഷ് നിരയില്‍ ഓപ്പണർമാരായ റോറി ബേൺസ് (50), ഹസീബ് ഹമീദ് (63) എന്നിവർക്ക് മാത്രമാണ് തിളങ്ങാനായത്. നായകൻ ജോ റൂട്ട് (36), ക്രിസ് വോക്‌സ് (18), ക്രെയ്‌ഗ് ഓവർടൺ (10), ഒലി റോബിൻസൺ (10) എന്നിവർക്ക് മാത്രമാണ് ഓപ്പണർമാക്ക് ശേഷം രണ്ടക്കം കാണാനായത്. റോറി ബേൺസിന്‍റെ വിക്കറ്റ് വീഴ്ത്തി ശാർദുല്‍ താക്കൂറാണ് ഇന്ത്യൻ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.
പിന്നീട് എത്തിയ ആർക്കും ഇംഗ്ലീഷ് നിരയില്‍ പിടിച്ചു നില്‍ക്കാനായില്ല. ഡേവിഡ് മലൻ റൺഔട്ടായത് കളിയില്‍ വഴിത്തിരിവായി. ഓലി പോപ്, ജോണി ബെയർസ്റ്റോ എന്നിവരെ ക്ലീൻ ബൗൾഡാക്കി ജസ്‌പ്രീത് ബുംറ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി. മോയിൻ അലിക്കും ക്രിസ് വോക്‌സിനും ഒന്നും ചെയ്യാനുണ്ടായില്ല. വാലറ്റക്കാരെ കൂട്ടു പിടിച്ചു നില്‍ക്കാൻ ശ്രമിക്കുന്നതിനിടെ താക്കൂർ ജോ റൂട്ടിനെ ക്ലീൻ ബൗൾഡാക്കി ഇന്ത്യയെ വിജയതീരത്ത് അടുപ്പിച്ചു.