കേരളം

kerala

ETV Bharat / sports

ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് ഇന്ന് ഓവലില്‍ തുടക്കം - ജോ റൂട്ട്

ഓവലില്‍ 13 തവണ കളിക്കാനിറങ്ങിയപ്പോള്‍ ഒരിക്കല്‍ മാത്രമാണ് ഇന്ത്യയ്‌ക്ക് വിജയിക്കാനായത്. ഏഴ് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചപ്പോള്‍ അഞ്ച് മത്സരങ്ങള്‍ ഇംഗ്ലണ്ട് വിജയിച്ചു. അവസാനത്തെ മൂന്ന് മത്സരങ്ങിലും ജയം ഇംഗ്ലണ്ടിനൊപ്പം നിന്നു. ഇതില്‍ രണ്ട് മത്സരങ്ങള്‍ ഇന്ത്യയ്‌ക്ക് ഇന്നിങ്സ് തോല്‍വി ആയിരുന്നു.

England vs India  ഇന്ത്യ-ഇംഗ്ലണ്ട്  വിരാട് കോലി  ജോ റൂട്ട്  England vs India 4th Test
ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് ഇന്ന് ഓവലില്‍ തുടക്കം

By

Published : Sep 2, 2021, 11:09 AM IST

ലണ്ടന്‍ : ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം ഇന്ന് ആരംഭിക്കും. ഓവലില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 3.30നാണ് മത്സരം തുടങ്ങുക. ലീഡ്‌സിലേറ്റ കനത്ത തോല്‍വിയുടെ ആഘാതം മറികടന്ന് വിജയ വഴിയില്‍ തിരിച്ചെത്താനാവും വിരാട് കോലിയുടേയും സംഘത്തിന്‍റെയും ശ്രമം.

എന്നാല്‍ പരമ്പരയിലെ സമനില മറികടന്ന് മുന്നിലെത്താനാവും ജോറൂട്ടും സംഘവും കളത്തിലിറങ്ങുക. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ഓരോ മത്സരങ്ങള്‍ വീതം വിജയിച്ച ഇരു സംഘവും നിലവില്‍ 1-1ന് സമനിലയിലാണ്.

നോട്ടിങ്ഹാമില്‍ നടന്ന ആദ്യ മത്സരം മഴമൂലം സമനിലയിൽ കലാശിച്ചപ്പോൾ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ 151 റണ്‍സിന്‍റെ വിജയം നേടിയിരുന്നു. എന്നാല്‍ ലീഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്നിങ്സിനും 76 റണ്‍സിനും വിജയം പിടിച്ച് ഇംഗ്ലണ്ട് തിരിച്ചടിച്ചു.

ഇന്ത്യന്‍ ടീമില്‍ നാല് പേസര്‍മാരെ നിലനിര്‍ത്താന്‍ തീരുമാനിച്ചാൽ ഇഷാന്തിന് പകരം ഷാര്‍ദുൽ താക്കൂറോ, ഉമേഷ് യാദവോ അന്തിമ ഇലവനില്‍ ഇടം പിടിച്ചേക്കും. സ്‌പിന്നിനെ തുണയ്‌ക്കുന്ന ഓവലില്‍ രവീന്ദ്ര ജഡേജയ്‌ക്ക് പകരം ആര്‍ അശ്വിന്‍ ടീമിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

also read: ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍; ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ

ഹനുമ വിഹാരിക്കും സൂര്യകുമാര്‍ യാദവിനും ടീമില്‍ ഇടം നല്‍കണമെന്ന ആവശ്യങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ബാറ്റിങ് നിരയില്‍ അഴിച്ച് പണിക്ക് സാധ്യതയില്ല.

തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളിലും സെഞ്ചുറി നേടി മുന്നില്‍ നിന്നും നയിക്കുന്ന ക്യാപ്റ്റന്‍ ജോറൂട്ടിന്‍റെ ഫോമാണ് ഇംഗ്ലണ്ടിന്‍റെ ആത്മവിശ്വാസം. ഇന്ത്യയ്‌ക്കെതിരെയായ പരമ്പരയിലെ പ്രകടനത്തോടെ ആറുവര്‍ഷത്തിന് ശേഷം ഐസിസി ടെസ്റ്റ് റാങ്കിങ്ങിന്‍റെ തലപ്പത്തെത്താന്‍ ഇംഗ്ലീഷ് നായകന് കഴിഞ്ഞിട്ടുണ്ട്.

ടീമില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്‌ലര്‍ക്ക് പകരം ജോണി ബെയര്‍സ്‌റ്റോയ്‌ക്ക് ഇടം ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമസയം ഓവലില്‍ 13 തവണ കളിക്കാനിറങ്ങിയപ്പോള്‍ ഒരിക്കല്‍ മാത്രമാണ് ഇന്ത്യയ്‌ക്ക് വിജയിക്കാനായത്. ഏഴ് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചപ്പോള്‍ അഞ്ച് മത്സരങ്ങള്‍ ഇംഗ്ലണ്ട് വിജയിച്ചു. അവസാനത്തെ മൂന്ന് മത്സരങ്ങിലും ജയം ഇംഗ്ലണ്ടിനൊപ്പം നിന്നു. ഇതില്‍ രണ്ട് മത്സരങ്ങള്‍ ഇന്ത്യയ്‌ക്ക് ഇന്നിങ്സ് തോല്‍വി ആയിരുന്നു.

ABOUT THE AUTHOR

...view details