ധര്‍മ്മശാല:ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) ഏഴാം മത്സരത്തില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ ആദ്യം ഫീല്‍ഡിങ് തെരഞ്ഞെടുത്തു(England vs Bangladesh Toss). ധര്‍മ്മശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യ മത്സരത്തിനിറങ്ങിയ ടീമില്‍ ഒരു മാറ്റവുമായിട്ടാണ് ഇംഗ്ലണ്ട് ബംഗ്ലാദേശിനെ നേരിടാന്‍ ഇറങ്ങുന്നത്. ന്യൂസിലന്‍ഡിനെതിരെ കളിച്ച ഓള്‍റൗണ്ടര്‍ മൊയീന്‍ അലിയെ ഒഴിവാക്കി പേസര്‍ റീസ് ടോപ്ലിയെ ഇംഗ്ലീഷ് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഹ്മദുള്ളയ്‌ക്ക് പകരം മഹെദി ഹസനെ ഉള്‍പ്പെടുത്തിയാണ് ബംഗ്ലാദേശ് ഇന്നിറങ്ങുന്നത്.
ഇംഗ്ലണ്ട് പ്ലേയിങ് ഇലവന്‍(England Playing XI):ജോണി ബെയർസ്റ്റോ, ഡേവിഡ് മലാൻ, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലർ (ക്യാപ്‌റ്റന്‍), ലിയാം ലിവിങ്സ്റ്റൺ, സാം കറൻ, ക്രിസ് വോക്‌സ്, ആദിൽ റഷീദ്, മാർക്ക് വുഡ്, റീസ് ടോപ്ലി.
ബംഗ്ലാദേശ് പ്ലേയിങ് ഇലവന്‍(Bangladesh Playing XI): തൻസിദ് ഹസൻ, ലിറ്റൺ ദാസ്, നജ്‌മുൽ ഹൊസൈൻ ഷാന്‍റോ, മെഹിദി ഹസൻ, ഷാക്കിബ് അൽ ഹസൻ (ക്യാപ്റ്റന്‍), മുഷ്‌ഫിഖുർ റഹീം (വിക്കറ്റ് കീപ്പര്‍), തൗഹിദ് ഹൃദോയ്, മഹെദി ഹസന്‍, തസ്‌കിൻ അഹമ്മദ്, ഷോരിഫുൾ ഇസ്ലാം, മുസ്‌തഫിസുർ റഹ്‌മാൻ.
ഈ ലോകകപ്പില്‍ ഇരു ടീമുകളുടെയും രണ്ടാമത്തെ മത്സരമാണിത്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടപ്പോള്‍ ബംഗ്ലാദേശ് അഫ്‌ഗാനിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. കിവീസിനോട് കളിച്ച മത്സരത്തില്‍ 9 വിക്കറ്റിന്‍റെ തോല്‍വിയായിരുന്നു ഇംഗ്ലീഷ് പട വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്‌ത് 282 റണ്‍സ് നേടിയെങ്കിലും ബൗളര്‍മാര്‍ക്ക് മികവിലേക്ക് ഉയരാന്‍ സാധിക്കാതെ വന്നതോടെ നിലവിലെ ചാമ്പ്യന്മാര്‍ക്ക് തോല്‍വി സമ്മതിക്കേണ്ടി വരികയായിരുന്നു. മറുവശത്ത് സ്പിന്നര്‍മാരുടെ മികവില്‍ അഫ്‌ഗാനിസ്ഥാനെ എറിഞ്ഞിട്ട ശേഷം തിരിച്ചടിച്ചാണ് ബംഗ്ലാദേശ് ആദ്യ കളിയില്‍ തന്നെ ജയം പിടിച്ചത്.
ടൂര്‍ണമെന്‍റിലേക്ക് ജയത്തോടെ തിരിച്ചുവരാന്‍ ഇംഗ്ലണ്ടും പതറാതെ മുന്നേറാന്‍ ബംഗ്ലാദേശും ശ്രമിക്കുമ്പോള്‍ ധര്‍മ്മശാലയില്‍ ആവേശകരമായ മത്സരം തന്നെ പ്രതീക്ഷിക്കാം. ചരിത്രത്തിലെ നേര്‍ക്കുനേര്‍ കണക്കുകള്‍ പരിശോധിച്ചാല്‍ ബംഗ്ലാദേശിനെതിരെ വ്യക്തമായ ആധിപത്യം ഇംഗ്ലണ്ടിനുണ്ട്. 24 കളികളില്‍ പരസ്‌പരം പോരടിച്ചപ്പോള്‍ 19 എണ്ണവും ജയിച്ചത് ഇംഗ്ലണ്ടാണ്.
എന്നാല്‍, ഏകദിന ലോകകപ്പില്‍ പലപ്പോഴും ഇംഗ്ലണ്ടിന് വെല്ലുവിളിയാകാന്‍ ബംഗ്ലാദേശിന് സാധിച്ചിട്ടുണ്ടെന്നാണ് ചരിത്രത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോകകപ്പില്‍ നാല് പ്രാവശ്യമാണ് ഇംഗ്ലണ്ട് ബംഗ്ലാദേശ് ടീമുകള്‍ ഏറ്റുമുട്ടിയിട്ടുള്ളത്. അതില്‍ രണ്ട് മത്സരങ്ങള്‍ വീതം സ്വന്തമാക്കാന്‍ ഇരു ടീമിനും സാധിച്ചിട്ടുണ്ട്.