ലണ്ടൻ : അവസാന നിമിഷം പാകിസ്ഥാൻ പര്യടനത്തിൽ നിന്ന് പിൻമാറിയ ന്യൂസിലൻഡിന് പിന്നാലെ പാക് പര്യടനത്തിൽ നിന്ന് ഇംഗ്ലണ്ടും പിൻമാറാനൊരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിതീകരണം ഉണ്ടായില്ലെങ്കിലും അടുത്ത ദിവസങ്ങളിൽ തന്നെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്‍റെ തീരുമാനം ഉണ്ടായേക്കും. ഇംഗ്ലണ്ടുകൂടി പിൻമാറിയാൽ പാകിസ്ഥാൻ കൂടുതൽ പ്രതിസന്ധിയിലേക്ക് വീഴും.
റാവൽപിണ്ടിയിൽ പാകിസ്ഥാനെതിരെ ഒന്നാം ഏകദിനത്തിന് ടോസ് ഇടാൻ മിനിറ്റുകൾ ശേഷിക്കെയാണ് ന്യൂസിലൻഡ് പരമ്പരയിൽ നിന്ന് പിൻമാറിയതായി അറിയിച്ചത്. സുരാക്ഷാ കാരണം ചൂണ്ടിക്കാട്ടിയാണ് പിൻമാറ്റം എങ്കിലും ഏത് തരം സുരക്ഷാ വീഴ്‌ചയാണ് ഉണ്ടായതെന്ന് ന്യൂസിലൻഡ് വ്യക്തമാക്കിയിട്ടില്ല.
രണ്ടു പതിറ്റാണ്ട് പാകിസ്ഥാൻ പര്യടനത്തിൽ നിന്ന് വിട്ടുനിന്ന ശേഷമാണ് ന്യൂസിലൻഡ് ക്രിക്കറ്റ് ടീം മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും ഉൾപ്പെടുന്ന പരമ്പരക്കായി പാകിസ്ഥാനിലെത്തിയത്. എന്നാൽ അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചതോടെ പാകിസ്ഥാനിലേക്കു പോകുന്നതിൽ ഒരു വിഭാഗം ന്യൂസിലൻഡ് താരങ്ങൾ ആശങ്കയറിയിച്ചിരുന്നു.
ALSO READ:ടോസിന് തൊട്ട് മുൻപ് നാടകീയ നീക്കം ; പാക് പര്യടനത്തിൽ നിന്ന് ന്യൂസിലൻഡ് പിൻമാറി
ഇംഗ്ലണ്ട് കൂടി പിൻമാറിയാൽ ഹോം മത്സരങ്ങളുടെ വേദി വീണ്ടും യുഎഇയിലേക്ക് മാറ്റാൻ പിസിബി നിർബന്ധിതരാകും. അതേസമയം പര്യടനത്തിൽ നിന്ന് പിന്മാറിയ ന്യൂസീലൻഡിനെതിരെ ഐസിസിക്ക് പരാതി നൽകുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിട്ടുണ്ട്.