അഹമ്മദാബാദ്: ടീം ഇന്ത്യ 10 വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയതിന് പിന്നാലെ മൊട്ടേരയിലെ പിച്ചിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിങ്ങുമെല്ലാം ഇത്തരം പിച്ചുകളിലാണ് പന്തെറിഞ്ഞിരുന്നതെങ്കില്‍ കരിയറില്‍ അവര്‍ ആയിരത്തിലധികം വിക്കറ്റുകള്‍ സ്വന്തമാക്കുമായിരുന്നതായി യുവി ട്വീറ്റ് ചെയ്‌തു.
ടീം ഇന്ത്യയുടെ 10 വിക്കറ്റ് ജയത്തിന് പിന്നാലെ മൊട്ടേരയെ വിമര്‍ശിച്ച് യുവി - motera win news
മൊട്ടേരയില്‍ നടന്ന ടെസ്റ്റ് മത്സരം രണ്ട് ദിവസം മാത്രമെ നീണ്ടുനിന്നുള്ളു. നാല് ഇന്നിങ്സിലുമായി 30 വിക്കറ്റുകളാണ് രണ്ട് ദിവസത്തിനിടെ മൊട്ടേരയില്‍ പൊഴിഞ്ഞത്.

അക്‌സര്‍ പട്ടേല്‍ മൊട്ടേരയില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞെന്നും 400 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ രവി അശ്വിനെയും ഇശാന്ത് ശര്‍മയെയും അഭിനന്ദിക്കുന്നതായും യുവരാജ് ട്വീറ്റ് ചെയ്‌തു. രണ്ടിന്നിങ്സിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അക്‌സര്‍ പട്ടേല്‍ 11 വിക്കറ്റാണ് മൊട്ടേരയില്‍ വീഴ്‌ത്തിയത്. മൊട്ടേരയില്‍ നടന്ന ടെസ്റ്റില്‍ ജയിച്ചതോടെ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യ 2-1ന്‍റെ മുന്‍തൂക്കം സ്വന്തമാക്കി. പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരം ഇതേ വേദിയില്‍ അടുത്ത മാസം നാലിന് ആരംഭിക്കും.