ന്യൂഡല്‍ഹി: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘം 19ന് ബ്രിട്ടനിലേക്ക് വിമാനം കയറും. പര്യടനത്തിന് മുന്നോടിയായി ടീം അംഗങ്ങള്‍ കൊവിഡ് മുക്തരാണെന്ന് ബിസിസിഐ ഉറപ്പാക്കും. ഇംഗ്ലണ്ട് പര്യടനത്തിനായി ടീം അംഗങ്ങള്‍ മുംബൈയില്‍ വിമാനം കയറാന്‍ എത്തുന്നതിന് മുമ്പ് കൊവിഡ് പരിശോധന പൂര്‍ത്തിയാക്കാനാണ് അധികൃതരുടെ നീക്കം. പര്യടനത്തിന് മുമ്പായി മൂന്ന് തവണ ടീം അംഗങ്ങള്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരാകും.
കൂടാതെ യുകെയിലേക്ക് പോകുന്നതിന് മുമ്പ് ഇന്ത്യന്‍ സംഘത്തിലുള്ളവരെല്ലാം 14 ദിവസത്തെ ക്വാറന്‍റൈനും പൂര്‍ത്തിയാക്കണം. ഇതിനിടെ കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസും നല്‍കും. രണ്ടാമത്തെ ഡോസെടുക്കുക ബ്രിട്ടനില്‍ എത്തിയ ശേഷമാകും. എന്നാല്‍ ഇക്കാര്യത്തില്‍ ബ്രിട്ടിഷ് ഗവണ്‍മെന്‍റുമായി കൂടിയാലോചിച്ച ശേഷമാകും അന്തിമ തീരുമാനം. 20 അംഗ സംഘത്തെയാണ് ഇംഗ്ലണ്ട് പര്യടനത്തിനായി പ്രഖ്യാപിച്ചത്. വിരാട് കോലി നയിക്കുന്ന സംഘത്തില്‍ പതിവ് പോലെ അജിങ്ക്യാ രഹാനെയാണ് ഉപനായകന്‍.