അഹമ്മദാബാദ്:മൊട്ടേര ടി20യില്‍ അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കിയ ശ്രേയസ് അയ്യരുടെ കരുത്തില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 124 റണ്‍സെടുത്തു. അര്‍ദ്ധസെഞ്ച്വറിയോടെ 67 റണ്‍സെടുത്ത ശ്രേയസാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.
ഇന്ത്യയുടെ മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ മധ്യനിരയാണ് കരുത്ത് പകര്‍ന്നത്. മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 20 റണ്‍സെന്ന നിലയില്‍ പ്രതിസന്ധിയിലായ കോലിയും കൂട്ടരും ശ്രേയസ് അയ്യരുടെ കരുത്തിലാണ് ഇംഗ്ലണ്ടിനോട് പൊരുതി നിന്നത്. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഹര്‍ദിക് പാണ്ഡ്യയും ശ്രേയസ് അയ്യരും ചേര്‍ന്ന് 54 റണ്‍സാണ് സ്‌കോര്‍ ബോഡില്‍ ചേര്‍ത്തത്. ശ്രേയസിനെ കൂടാതെ 21 റണ്‍സെടുത്ത് പുറത്തായ റിഷഭ് പന്തും 19 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയും രണ്ടക്ക സ്‌കോര്‍ കണ്ടെത്തി. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ മൂന്നും ആദില്‍ റാഷിദ്, മാര്‍ക്ക് വുഡ്, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.