ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്റ്റില്‍ ടീം ഇന്ത്യ പൊരുതുന്നു. 420 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ നാലാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 39 റണ്‍സെടുത്തിട്ടുണ്ട്. 12 റണ്‍സെടുത്ത ഓപ്പണര്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്‌ടമായത്. ജാക്ക് ലീച്ചിന്‍റെ പന്തില്‍ ബൗള്‍ഡായാണ് ഹിറ്റ്‌മാന്‍ പുറത്തായത്. മോശം മോശം ഫോം തുടരുന്ന രോഹിത് ശര്‍മ കഴിഞ്ഞ ഏഴ് ഇന്നിങ്സുകളിലായി 62 റണ്‍സ് മാത്രമാണ് സ്വന്തമാക്കിയത്. ചെന്നൈയില്‍ നാലാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 15 റണ്‍സെടുത്ത ശുഭ്‌മാന്‍ ഗില്ലും 12 റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയുമാണ് ക്രീസില്‍. ഒരു ദിവസം ശേഷിക്കെ ഒൻപത് വിക്കറ്റുകൾ കയ്യിലിരിക്കുന്ന ഇന്ത്യയ്ക്ക് തോല്‍വി ഒഴിവാക്കാൻ നന്നായി വിയർക്കേണ്ടി വരും.
നേരത്തെ നാലാം ദിനം ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 257 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ച ടീം ഇന്ത്യ 80 റണ്‍സാണ് കൂട്ടിച്ചേർത്തത്. അര്‍ദ്ധസെഞ്ച്വറിയോടെ 85 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഓള്‍റൗണ്ടര്‍ വാഷിങ്‌ടണ്‍ സുന്ദറും 31 റണ്‍സെടുത്ത ആര്‍ അശ്വനും മാത്രമാണ് ഇന്ന് ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ച് നിന്നത്. ഇംഗ്ലണ്ടിന് വേണ്ടി ഡോം ബെസ് നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ജാക് ലീച്ച്, ജോഫ്ര ആര്‍ച്ചര്‍, ജിമ്മി ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.