പൂനെ: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് 337 റണ്‍സിന്‍റെ വിജയ ലക്ഷ്യം. ആക്രമിച്ച് കളിക്കുകയെന്ന ശൈലി പിന്തുടര്‍ന്ന ഇന്ത്യ ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. സെഞ്ച്വറി നേടിയ ലോകേഷ് രാഹുലിന്‍റെ കരുത്തിലായിരുന്നു ടീം ഇന്ത്യയുടെ കുതിപ്പ്. ഏകദിന ക്രിക്കറ്റിലെ അഞ്ചാമത്തെ സെഞ്ച്വറിയാണ് രാഹുല്‍ ഇംഗ്ലണ്ടിനെതിരെ സ്വന്തമാക്കിയത്. 144 പന്തില്‍ രണ്ട് സിക്‌സും ഏഴ് ബൗണ്ടറിയും ഉള്‍പ്പെടെ 108 റണ്‍സെടുത്താണ് രാഹുല്‍ പവലിയനിലേക്ക് മടങ്ങിയത്.
ഒരു ഘട്ടത്തില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 37 റണ്‍സെന്ന നിലയില്‍ പരുങ്ങലിലായ ഇന്ത്യയെ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 158 റണ്‍സെന്ന നിലയിലേക്കുയര്‍ത്തിയത് രാഹുലും നായകന്‍ വിരാട് കോലയും ചേര്‍ന്നാണ്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 121 റണ്‍സാണ് സ്‌കോര്‍ ബോഡില്‍ ചേര്‍ത്തത്. അര്‍ദ്ധസെഞ്ച്വറിയോടെ 66 റണ്‍സെടുത്ത കോലിയെ കൂടാരം കയറ്റിയ സ്‌പിന്നര്‍ ആദില്‍ റാഷിദാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. റാഷിദിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബട്‌ലര്‍ക്ക് ക്യാച്ച് വഴങ്ങിയാണ് കോലി പുറത്തായത്.