പൂനെ: നാളെ ഇംഗ്ലണ്ടിന് ജീവന്‍മരണ പോരാട്ടമാണ്. പൂനെയില്‍ ഇന്ത്യക്കെതിരെ ജയിച്ചാലെ ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാക്കാന്‍ സാധിക്കൂ. ലങ്കാ ദഹനം കഴിഞ്ഞ് ഇന്ത്യയിലേക്കെത്തിയ ഇംഗ്ലീഷ് ടീമുകള്‍ക്ക് ഇതിനകം ടെസ്റ്റ്, ടി20 പരമ്പരകള്‍ നഷ്‌ടമായി കഴിഞ്ഞു. പൂനെയില്‍ കൂടി മുട്ടുമടക്കിയാല്‍ സമ്പൂര്‍ണ പരാജയമാണ് ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത്. അതൊഴിവാക്കാനുള്ള തന്ത്രങ്ങളാണ് ഇംഗ്ലണ്ടിന്‍റെ പാളയത്തില്‍ ഒരുങ്ങുന്നത്. ഏല്ലാ മേഖലയിലും ആധിപത്യം പുലര്‍ത്തുന്ന ഇന്ത്യന്‍ ടീമിനെയാണ് ഓയിന്‍ മോര്‍ഗനും കൂട്ടരും പരമ്പരയിലെ ആദ്യ മത്സരത്തില്‍ നേരിട്ടത്.
ഒരിക്കല്‍ കൂടി പൂനെയിലെ വേദിയില്‍ ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ ഉറപ്പാണ്. മൂന്ന് മാറ്റങ്ങള്‍ക്കാണ് സാധ്യത. ശ്രേയസ് അയ്യരുടെ അഭാവത്തില്‍ വെടിക്കെട്ട് ബാറ്റ്‌സ്‌മാന്‍ സൂര്യകുമാര്‍ യാദവിന് ഏകദിനത്തിലും അരങ്ങേറാന്‍ അവസരം ലഭിച്ചേക്കും. തോളിന് പരിക്കേറ്റ് ശ്രേയസ് അയ്യര്‍ പുറത്തിരിക്കുന്ന സാഹചര്യത്തിലാണ് സൂര്യകുമാറിന് വീണ്ടും നീലക്കുപ്പായമണിയാന്‍ അവസരം ലഭിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ ടി20 ക്രിക്കറ്റിലൂടെ അരങ്ങേറ്റ മത്സരം തന്നെ സൂര്യകുമാര്‍ മികച്ചതാക്കി മാറ്റിയ സൂര്യകുമാര്‍ ഓയിന്‍ മോര്‍ഗനും കൂട്ടര്‍ക്കും നേരത്തെ തന്നെ വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു.
പരിക്കേറ്റ ഓപ്പണര്‍ രോഹിത് ശര്‍മക്കും വിശ്രമം അനുവദിച്ചേക്കും. ആദ്യ ഏകദിനത്തിനിടെ പന്തുകൊണ്ട് കൈമുട്ടിനേറ്റ പരിക്കാണ് ഹിറ്റ്‌മാന് തിരിച്ചടിയായത്. രോഹിതിന് പകരം ശുഭ്‌മാന്‍ ഗില്‍ ഓപ്പണറുടെ വേഷത്തിലെത്തും. ഗില്ലും ശിഖര്‍ ധവാനും ഓപ്പണര്‍മാരാകുമ്പോള്‍ ലോകേഷ് രാഹുലിന് മധ്യനിരയിലാകും ബാറ്റ് ചെയ്യുക. നായകന്‍ കോലി വണ്‍ ഡൗണായി തുടരും. മധ്യനിരയില്‍ പാണ്ഡ്യ സഹോദരന്‍മാര്‍ക്കൊപ്പം അക്‌സര്‍ പട്ടേലിനും സാധ്യതയുണ്ട്. അക്‌സറിന് അവസരം നല്‍കുന്നതിന് പകരം കഴിഞ്ഞ മാച്ചില്‍ നിര്‍ണായക സമയത്ത് ഫോമിലേക്കുയര്‍ന്ന ക്രുണാലിനെ നിലനിര്‍ത്താനാകും കോലി ആഗ്രഹിക്കുക.
ബൗളിങ്ങ് ഡിപ്പാര്‍ട്ട്‌മെന്‍റില്‍ ആദ്യ മത്സരത്തില്‍ റണ്ണൊഴുക്ക് നിയന്ത്രിക്കാന്‍ സാധിക്കാതെ പോയ കുല്‍ദീപ് യാദവിന് പകരം യുസ്‌വേന്ദ്ര ചാഹലിനെയാകും പരീക്ഷിക്കുക. ആദ്യ ഏകദിനത്തില്‍ ഒമ്പതോവറില്‍ 68 റണ്‍സ് വഴങ്ങിയതാണ് കുല്‍ദീപ് തിരിച്ചടിയായത്. ഒരിടവേളക്ക് ശേഷം സ്വിങ് ബൗളിങ്ങിന്‍റെ സാധ്യതകളുമായി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ ഭുവനേശ്വര്‍ കുമാറാകും ഇത്തവണയും പേസ് ആക്രമണത്തിന്‍റെ അമരത്തുണ്ടാവുക. ഒപ്പം ഓരോ മത്സരങ്ങളിലും പ്രകടനം മെച്ചെപ്പെടുത്തുന്ന ശര്‍ദുല്‍ താക്കൂറും പ്രസിദ്ധ് കൃഷ്‌ണയും ഇംഗ്ലണ്ടിന് വെല്ലുവിളി ഉയര്‍ത്തും. മൂവരും ചേര്‍ന്ന് ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിന്‍റെ ഒമ്പത് വിക്കറ്റുകളാണ് പിഴുതത്. പേസ് ആക്രമണത്തിന്‍റെ മൂര്‍ച്ചകൂട്ടാന്‍ നടരാജന്‍ മുഹമ്മദ് സിറാജ് എന്നീ സാധ്യതകള്‍ മുന്നിലുണ്ടെങ്കിലും വിജയിച്ച ഫോര്‍മുല നിലനിര്‍ത്താനാകും കോലിക്ക് താല്‍പ്പര്യം.
മറുഭാഗത്ത് പരിക്കിന്‍റെ പിടിയിലാണ് ഇംഗ്ലണ്ട്. നായകന്‍ ഓയിന്‍ മോര്‍ഗനും ബാറ്റ്‌സമാന്‍ സാം ബില്ലിങും കളിക്കുന്ന കാര്യം സംശയമാണ്. മോര്‍ഗന്‍റെ വിരലിനും ബില്ലിങ്ങിന്‍റെ കഴുത്തിനുമാണ് പരിക്ക്. ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റ ഇരുവര്‍ക്കും കഴിഞ്ഞ മാച്ചില്‍ ഫോമിലേക്കുയരാന്‍ സാധിച്ചിരുന്നില്ല. മിഡില്‍ ഓര്‍ഡര്‍ സ്‌കോര്‍ ചെയ്‌സ് ചെയ്യുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ ഓപ്പണര്‍മാരായ ജേസണ്‍ റോയിയും ജോണി ബെയര്‍സ്റ്റോയും മാത്രമാണ് ആദ്യ ഏകദിനത്തില്‍ മോശമല്ലാത്ത പ്രകടനം പുറത്തെടുത്തത്. വണ്‍ ഡൗണായി ഇറങ്ങിയ ബെന്‍ സ്റ്റോക്‌സിനും കാര്യമായ സംഭാവന നല്‍കാനായില്ല. ഒരു റണ്‍സ് മാത്രമെടുത്താണ് സ്റ്റോക്ക്‌സ് പവലിയനിലേക്ക് മടങ്ങിയത്. കാര്യമായ സ്‌കോര്‍ കണ്ടെത്താന്‍ ഇംഗ്ലീഷ് മിഡില്‍ ഓര്‍ഡറിനും സാധിച്ചില്ല. ടീം ഇന്ത്യക്കെതിരെ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തണമെങ്കിലും വലിയ സ്‌കോര്‍ പിന്തുടരണമെങ്കിലും മിഡില്‍ ഓര്‍ഡര്‍ ഫോമിലേക്കുയര്‍ന്നെ മതിയാകൂ.
റണ്ണൊഴുക്ക് തടയാന്‍ സ്‌പിന്‍ ബൗളേഴ്‌സിന് സാധിക്കാതെ പോയതും ഇംഗ്ലണ്ടിന് തിരിച്ചടിയായി. ഒമ്പത് ഓവറില്‍ നിന്നായി 66 റണ്‍സ് ആദില്‍ റാഷിദ് വഴങ്ങിയപ്പോള്‍ മൂന്ന് ഓവറില്‍ നിന്നായി മോയിന്‍ അലി 38 റണ്‍സും വഴങ്ങി. ഇരുവര്‍ക്കും ഓരു വിക്കറ്റ് പോലും സ്വന്തമാക്കാനും സാധിച്ചില്ല. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ രണ്ട് മത്സരങ്ങളാണ് ഇനി ശേഷിക്കുന്നത്. ഇരു മത്സരങ്ങളിലും ജയിച്ചാലെ ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാക്കാനാകൂ. പേസര്‍ ജോഫ്ര ആര്‍ച്ചറുടെ അഭാവവും ഇംഗ്ലണ്ടിന് തിരിച്ചടിയാകും.
ഏകദിനം ആരംഭിക്കുക നാളെ ഉച്ചക്ക് 1.30ന്.