മുംബൈ:ന്യൂസിലൻഡിന് എതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍, അതിനു ശേഷം ഇംഗ്ലണ്ടിന് എതിരെ നടക്കുന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പര എന്നിവയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. വിരാട് കോലിയാണ് നായകൻ, അജിങ്ക്യ രഹാനെ ഉപനായകനാകും. അപ്രതീക്ഷിത താരങ്ങൾ ആരും ഇത്തവണ ടീമില്‍ ഇടം പിടിച്ചില്ല.
ഹാർദികും കുല്‍ദീപുമില്ല, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു - ബിസിസിഐ
വിരാട് കോലിയാണ് നായകൻ, അജിങ്ക്യ രഹാനെ ഉപനായകനാകും. അപ്രതീക്ഷിത താരങ്ങൾ ആരും ഇത്തവണ ടീമില്‍ ഇടം പിടിച്ചില്ല.
ചേതേശ്വർ പുജാര വൺ ഡൗൺ ബാറ്റ്‌സ്‌മാനാകും. ഒന്നാം വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് തുടരും. രോഹിത് ശർമ, ശുഭ്‌മാൻ ഗില്‍, മായങ്ക് അഗർവാൾ എന്നിവർ ഓപ്പണമാരായി ടീമില്‍ ഇടം നേടി. ഓസീസ് പര്യടനത്തില്‍ പരിക്കേറ്റ ഹനുമ വിഹാരി ടീമില്‍ തിരിച്ചെത്തി. ആർ അശ്വിൻ, രവി ജഡേജ, അക്‌സർ പട്ടേല്‍, വാഷിങ്ടൺ സുന്ദർ സ്പിന്നർമാരായി ടീമില്‍ ഇടം പിടിച്ചു. ജസ്‌പ്രീത് ബുംറ, ഇശാന്ത് ശർമ, മുഹമ്മദ് ഷമി, ശാർദുല്‍ താക്കൂർ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർ പേസർമാരാകും. കെല്‍ രാഹുല്‍, വൃദ്ധിമാൻ സാഹ എന്നിവർ ഫിറ്റ്‌നസ് തെളിയിച്ചാല്‍ ടീമിന്‍റെ ഭാഗമാകും. അതോടൊപ്പം അഭിമന്യു ഈശ്വരൻ, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാൻ, അർസാൻ നഗ്‌വാസ്‌വാല എന്നിവരെ സ്റ്റാൻഡ്ബൈ കളിക്കാരായും ടീമില്‍ ഉൾപ്പെടുത്തി.
2018ല്‍ പരിക്കിന്‍റെ പിടിയിലായ ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ടെസ്റ്റ് ടീമിന്‍റെ സ്ഥിര അംഗമായിരുന്നില്ല. മോശം പ്രകടനത്തെ തുടർന്ന് ടീമില്‍ നിന്ന് ഒഴിവായ കുല്‍ദീപ് യാദവിനെയും ഇത്തവണ പരിഗണിച്ചില്ല. ഇരുവരും ഇത്തവണത്തെ ഐപിഎല്ലിന്‍റെ ഭാഗമായിരുന്നെങ്കിലും കുല്‍ദീപിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ കൂടുതല്‍ അവസരം ലഭിച്ചില്ല. ഓൾറൗണ്ടർ എന്ന നിലയില്‍ ഇന്ത്യൻ ടീമില്‍ പരിഗണിക്കുന്ന ഹാർദിക് പാണ്ഡ്യ ഐപിഎല്ലില്‍ ബൗൾ ചെയ്തിരുന്നില്ല. അമിത ജോലി ഭാരം കാരണമാണ് ഹൗർദിക് ഐപിഎല്ലില്‍ ബൗൾ ചെയ്യാതിരുന്നത്.