കേരളം

kerala

ETV Bharat / sports

മൊട്ടേരയില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ; ഇംഗ്ലണ്ടിനെ തകർത്തത് 10 വിക്കറ്റിന് - motera win news

ഇംഗ്ലണ്ട് ഉയര്‍ത്തിയ 49 റണ്‍സെന്ന വിജയ ലക്ഷ്യം ഇന്ത്യ 7.4 ഓവറില്‍ മറികടന്നു.

മൊട്ടേരിയല്‍ ജയം വാര്‍ത്ത  10 വിക്കറ്റ് ജയം വാര്‍ത്ത  motera win news  10 wicket win news
മൊട്ടേര

By

Published : Feb 25, 2021, 8:10 PM IST

Updated : Feb 25, 2021, 9:14 PM IST

അഹമ്മദാബാദ്:മൊട്ടേരയിലെ ഡേ-നൈറ്റ് പിങ്ക് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ മൂന്ന് ദിവസം ശേഷിക്കെ 10 വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി വിരാട് കോലിയും കൂട്ടരും. രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 49 റണ്‍സെന്ന വിജയ ലക്ഷ്യം ഇന്ത്യ 7.4 ഓവറില്‍ മറികടന്നു. ഓപ്പണര്‍ രോഹിത് ശര്‍മ 25 റണ്‍സെടുത്തും ശുഭ്‌മാന്‍ ഗില്‍ 15 റണ്‍സെടുത്തും പുറത്താകാതെ നിന്നു. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ യോഗ്യതയെന്ന പ്രതീക്ഷയും ഇന്ത്യ സജീവമാക്കി. പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ സമനില സ്വന്തമാക്കാനായാല്‍ ഇന്ത്യക്ക് ലോഡ്‌സില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിനായി വിമാനം കയറാം. കൊവിഡിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കാനിരുന്ന ടെസ്റ്റ് പരമ്പര ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ പ്രതീക്ഷ സജീവമായത്. നിലവില്‍ ലോഡ്‌സിലെ ഫൈനല്‍ യോഗ്യതക്കായി ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലാണ് മത്സരം. ന്യൂസിലൻഡ് നേരത്തെ തന്നെ ഫൈനലിന് യോഗ്യത നേടിയിരുന്നു.

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്‌ട്ര മത്സരത്തില്‍ എല്ലാം അതി വേഗത്തിലായിരുന്നു. ആദ്യ ദിനം ഇംഗ്ലണ്ട് 112 റണ്‍സെടുത്ത് പുറത്താകുമ്പോള്‍ രണ്ടാം ദിവസം സംഭവബഹുലമാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ആദ്യ ദിനം 13 വിക്കറ്റുകള്‍ വീണ മൊട്ടേരയിലെ പിച്ചില്‍ രണ്ടാം ദിനം 17 വിക്കറ്റുകളാണ് പൊഴിഞ്ഞത്. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ രണ്ട് അര്‍ദ്ധസെഞ്ച്വറി മാത്രമാണ് പിറന്നത്. ഇരു ടീമുകളുടെയും ആദ്യ ഇന്നിങ്സുകളില്‍ ഓപ്പണര്‍മാരാണ് ഫിഫ്‌റ്റി കണ്ടെത്തിയത്. ഇംഗ്ലണ്ടിന് വേണ്ടി സാക്‌ ക്രവാലി (53), ഇന്ത്യക്ക് വേണ്ടി രോഹിത് ശര്‍മയും (66) മാത്രമാണ് അര്‍ദ്ധ സെഞ്ച്വറി സ്വന്തമാക്കിയത്. ഇരു ടീമുകളിലുമായി 14 പേര്‍ മാത്രമെ രണ്ടക്ക സ്‌കോര്‍ സ്വന്തമാക്കിയുള്ളൂ. ഒമ്പത് പേര്‍ ഒന്നാം ഇന്നിങ്സിലും അഞ്ച് പേര്‍ രണ്ടാം ഇന്നിങ്‌സിലും രണ്ടക്ക സ്‌കോര്‍ കണ്ടെത്തി.

ടെസ്റ്റ് ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ സമയത്തില്‍ അവസാനിച്ച മത്സരത്തില്‍ ഒന്നാണ് മൊട്ടേരയില്‍ നടന്നത്. കണ്ണടച്ച് തുറക്കുമ്പോഴേക്കും വിക്കറ്റുകള്‍ വീഴുന്ന അനുഭവമാണ് മൊട്ടേരയിലെ പിച്ച് സമ്മാനിച്ചത്. മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 99 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യക്ക് അധികം സമയം പിടിച്ചുനില്‍ക്കാനായില്ല. രണ്ടാം ദിനം ആദ്യ ഇന്നിങ്സില്‍ 20 ഓവര്‍ മാത്രം ബാറ്റ് ചെയ്‌ത ഇന്ത്യക്ക് 45 റണ്‍സ് മാത്രമാണ് സ്‌കോര്‍ ബോർഡില്‍ കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്.

പിന്നാലെ മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനെ കാത്തിരുന്നത് സമാന അനുഭവമായിരുന്നു. ഇന്ത്യയെ വേഗത്തില്‍ പുറത്താക്കാന്‍ സാധിച്ചതിന്‍റെ ആത്മവിശ്വാസത്തില്‍ രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് പിച്ചില്‍ പതിയിരിക്കുന്ന അപകടത്തെ മനസിലാക്കാന്‍ വൈകി. ഇന്ത്യ ഉയര്‍ത്തിയ 33 റണ്‍സെന്ന ഒന്നാം ഇന്നിങ്സ് ലീഡ് പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 81 റണ്‍സ് മാത്രമെ സ്‌കോര്‍ ബോഡില്‍ കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചുള്ളു. ഇതിനിടെ രവി അശ്വിന്‍ 400 വിക്കറ്റ് തികക്കുന്നതിനും അക്‌സര്‍ പട്ടേല്‍ തന്‍റെ അരങ്ങേറ്റ പരമ്പരയിലെ തുടര്‍ച്ചയായ മൂന്നാമത്തെ ഇന്നങ്സിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നതിനും മൊട്ടേര സാക്ഷിയായി. മൊട്ടേരയില്‍ രണ്ട് ഇന്നിങ്സിലുമായി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അക്‌സര്‍ പട്ടേലാണ് കളിയിലെ താരം. സ്വന്തം നാട്ടില്‍ നടന്ന ടെസ്റ്റില്‍ രണ്ട് ഇന്നിങ്സുകളിലുമായി 11 വിക്കറ്റുകളാണ് അക്‌സര്‍ സ്വന്തമാക്കിയത്. അശ്വിൻ ഏഴ് വിക്കറ്റും സ്വന്തമാക്കി.

നാല് മത്സരങ്ങളുള്ള പരമ്പരയിലെ അവസാനത്തെ മത്സരം ഇതേ സ്റ്റേഡിയത്തില്‍ അടുത്ത മാസം നാലിന് ആരംഭിക്കും. പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ ഇന്ത്യയും ഒരു മത്സരം ഇംഗ്ലണ്ടും ജയിച്ചു.

Last Updated : Feb 25, 2021, 9:14 PM IST

ABOUT THE AUTHOR

...view details