ബ്രിസ്റ്റൽ: വനിത ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാം ദിനം ഇന്ത്യയ്‌ക്കെതിരെ ആതിഥേയരായ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തിൽ 269 റണ്‍സ് എന്ന നിലയിൽ. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റന്‍ ഹെതർ നൈറ്റ് 95 റണ്‍സ് നേടി. 175 ബോളുകളാണ് ഹെതർ നേരിട്ടത്.
ഓപ്പണിങ് ഇറങ്ങിയ തംസിൻ ബ്യുമൗണ്ടും അർധ സെഞ്ച്വറി കണ്ടെത്തി. 144 പന്തിൽ 66 റണ്‍സ് ആണ് തംസിൻ നേടിയത്. മൂന്നാമത് ഇറങ്ങിയ ഹെതർ തംസിൻ നാറ്റ് ഷിവറും ചേർന്ന് നേടിയ 90 റണ്‍സ് ആണ് ഒന്നാം ദിവസത്തെ ആതിഥേയരുടെ ഉയർന്ന കൂട്ടുകെട്ട്.
Also Read:ടെസ്റ്റ് റാങ്കിങ്: വില്ല്യംസണെ മറികടന്ന് സ്മിത്ത് ഒന്നാമത്
ആദ്യ മൂന്ന് സെഷനുകളിലും തുടർന്ന ഇംഗ്ലണ്ട് മേധാവിത്വം അവസാന സെഷനിൽ നാല് വിക്കറ്റുകൾ നേടിക്കൊണ്ട് ഇന്ത്യ അവസാനിപ്പിക്കുകയായിരുന്നു. ഇംഗ്ലണ്ടിന്‍റെ അഞ്ചുവിക്കറ്റുകളും പിഴുതത് സ്പിന്നർമാരാണ്. ഇന്ത്യയ്‌ക്ക് വേണ്ടി തംസിന്‍റെ ഉൾപ്പടെ സ്നേഹ റാണ മൂന്ന് വിക്കറ്റുകൾ നേടി.
ഹെതർ നൈറ്റിനെയും നാറ്റ് ഷിവറിനെയും ദീപ്‌തി ശർമ എൽബിയിൽ കുരുക്കി. പൂജ വസ്ത്രാകർ ഒരു വിക്കറ്റ് നേടി. ഒന്നാം ദിനം അവസാനിക്കുമ്പോൾ 12 റണ്‍സുമായി സോഫിയ ഡൻക്ലിയും ഏഴ് റണ്‍സുമായി കാതറിനുമാണ് ക്രീസിൽ.