അഹമ്മദാബാദ്: ആദ്യ മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങുന്ന ഇന്ത്യന്‍ ടീം അപകടകാരികളാണെന്ന വിലയിരുത്തലിലാണ് ക്രിക്കറ്റ് ആരാധകര്‍. അതിനാല്‍ തന്നെ മൊട്ടേരയിലെ ശേഷിക്കുന്ന നാല് ടി20 പോരാട്ടങ്ങളും കൂടുതല്‍ ആവേശം നിറഞ്ഞതാകും. ഇന്ന് നടക്കുന്ന പരമ്പരയിലെ രണ്ടാമത്തെ ടി20യില്‍ ഇംഗ്ലണ്ടിനെ വീണ്ടും നേരിടുമ്പോള്‍ വിരാട് കോലിയും കൂട്ടരും ജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നുണ്ടാകില്ല. ടി20 ഫോര്‍മാറ്റില്‍ ഏറ്റവും മികച്ച രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ മത്സരം തീ പാറും.
ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായത് എങ്ങനെയെന്ന് വരച്ചിടുകയായിരുന്നു ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട്. എല്ലാ മേഖലയിലും ഇന്ത്യയെ നിഷ്‌പ്രഭരാക്കിയാണ് ഇംഗ്ലണ്ട് മുന്നേറ്റം നടത്തിയത്. ഇന്ത്യയെ 124 റണ്‍സിലേക്ക് ചുരുക്കിയ ഇംഗ്ലണ്ട് 27 പന്ത് ബാക്കിനില്‍ക്കെയാണ് ജയിച്ചത്. ബാറ്റിങ്ങ് നിര ശോഭിക്കാതിരുന്നതാണ് ടീം ഇന്ത്യക്ക് തിരിച്ചടിയായത്. നായകന്‍ കോലിയും ഓപ്പണര്‍മാരായ കെഎല്‍ രാഹുലും ശിഖര്‍ ധവാനും നിരാശപ്പെടുത്തിയപ്പോള്‍ പിടിച്ചുനിന്നത് മധ്യനിര മാത്രമാണ്. മൂന്ന് സ്‌പെഷ്യലിസ്റ്റ് സ്‌പിന്നര്‍മാരെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയ തീരുമാനവും ആതിഥേയര്‍ക്ക് തിരിച്ചടിയായി. ഇംഗ്ലീഷ് ബാറ്റിങ് നിരയുടെ മുന്നേറ്റം തടയാന്‍ ഇന്ത്യന്‍ ബൗളിങ് ഡിപ്പാര്‍ട്ടുമെന്‍റിനും സാധിക്കാതെ പോയി. ഇന്ന് നടക്കാനിരിക്കുന്ന രണ്ടാമങ്കത്തില്‍ ഒരു പേസ് ബൗളറെ കൂടെ ടീമില്‍ ഉള്‍പ്പെടുത്തി പോരായ്‌മ പരിഹരിക്കിനാകും കോലിയുടെ നീക്കം. അങ്ങനെയാണെങ്കില്‍ നവദീപ് സെയ്‌നിക്ക് വിളിയെത്തും.