അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ പേസർമാർക്കും സ്പിന്നർമാരെപ്പോലെ നിർണായക പങ്കുണ്ടാകുമെന്ന് ഇന്ത്യ നായകൻ വിരാട് കോഹ്‌ലി. മൂന്നാം ടെസ്റ്റിൽ പന്ത് കൂടുതൽ സ്വിംഗ് ചെയ്യാൻ സാധ്യതയില്ലേയെന്ന ചോദ്യത്തിന്, പന്തിന്‍റെ തിളക്കം നഷ്‌ടപ്പെടുന്നതുവരെ പേസർമാർക്ക് കളിയുടെ ഗതിയെ സ്വാധീനിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കോഹ്‌ലി പറഞ്ഞു. "ഇത് ഒരു കൃത്യമായ വിലയിരുത്തലാണെന്ന് കരുതുന്നില്ല. പിങ്ക് ബോൾ ചുവന്ന പന്തിനേക്കാൾ വളരെയധികം സ്വിംഗ് ചെയ്യുന്ന പ്രവണത കണ്ടിട്ടുണ്ട്. ആദ്യ പിങ്ക് ബോൾ മത്സരത്തിൽ 2019ൽ ബംഗ്ലാദേശിനെതിരെ ഇത് പ്രകടമായിരുന്നെന്നും കോലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാളെയാണ് ഇന്ത്യ -ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്.
പിങ്ക്-ബോൾ ടെസ്റ്റിൽ പേസർമാർക്കും സ്‌പിന്നർമാർക്കും തുല്യ പരിഗണന: കോലി - പിങ്ക്-ബോൾ ടെസ്റ്റ്
പിങ്ക് ബോൾ ചുവന്ന പന്തിനേക്കാൾ വളരെയധികം സ്വിംഗ് ചെയ്യുന്ന പ്രവണത കണ്ടിട്ടുണ്ട്. ആദ്യ പിങ്ക് ബോൾ മത്സരത്തിൽ 2019ൽ ബംഗ്ലാദേശിനെതിരെ ഇത് പ്രകടമായിരുന്നെന്നും ഇന്ത്യൻ നായകൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പിച്ച് പേസർമാരെ അനുകൂലിച്ചാൽ ഇംഗ്ലണ്ടിന് മേൽക്കൈ ഉണ്ടാകുമെന്ന വിലയിരുത്തലും കോലി നിരസിച്ചു. ഇംഗ്ലീഷ് ടീമിന്‍റെ ശക്തിയും ബലഹീനതയും കാര്യമാക്കുന്നില്ല. ഒരു ടീം എന്ന നിലയിൽ നന്നായി കളിക്കുക മാത്രമാണ് ലക്ഷ്യമെന്നും ഇന്ത്യൻ നായകൻ പറഞ്ഞു. ഫാസ്റ്റ് ബൗളിങ്ങിനെ തുണയ്‌ക്കുന്ന പിച്ചാണെങ്കിൽ അത് ഞങ്ങൾക്കു കൂടി ഉള്ളതാണ്. ഇരു ടീമിനും നിരവധി ബലഹീനതകളുണ്ടെന്നും കോലി പറഞ്ഞു. പൊതുവെ പേസർമാരെ തുണയ്‌ക്കുന്ന പിങ്ക് ബോൾ ഇന്ത്യൻ പിച്ചിൽ സ്‌പിന്നർമാർക്ക് എത്രത്തോളം വഴങ്ങും എന്നത് കളിയിൽ നിർണായകമാവും. പൊതുവെ പിങ്ക് ബോളിൽ കളിക്കുന്നത് വെല്ലുവിളി ആണെന്നും ലൈറ്റിന് കീഴിൽ ബാറ്റ് ചെയ്യുമ്പോൾ ആദ്യത്തെ ഒന്നര മണിക്കൂർ വളരെ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും കോലി പറഞ്ഞു. എല്ലാ പ്രതിസന്ധികളെയും നേരിടാൻ ടീം തയ്യാറെടുക്കുകയാണെന്നും ക്യാപ്‌റ്റൻ കൂട്ടിച്ചേർത്തു.
നാലു മത്സരങ്ങളുള്ള പരമ്പരയിൽ ഓരോ മത്സരങ്ങൾ വീതം ജയിച്ച് ഇരുടീമുകളും ഒപ്പം നിൽക്കുകയാണ്. അതിനാൽ ഇരുടീമുകൾക്കും മൂന്നാം ടെസ്റ്റ് നിർണായകമാണ്. ഇന്ത്യയിലെ രണ്ടാമത്തെ ദിനരാത്രി മത്സരമാണ് നാളെ തുടങ്ങുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമെന്ന സവിശേഷതയോടെ പുതുക്കി പണിത അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിലാണ് മത്സരം.