പൂനെ: ഏകദിന ക്രിക്കറ്റില്‍ വണ്‍ ഡൗണായി ഇറങ്ങി പതിനായിരം റണ്‍സ് തികക്കുന്ന ബാറ്റ്‌സ്‌മാന്‍മാരുടെ ക്ലബില്‍ ഇനി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും. 190 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലി ഈ നേട്ടം കൊയ്‌തത്. മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്ങാണ് ഇതിന് മുമ്പ് മൂന്നാമനായി ഇറങ്ങി പതിനായിരത്തിലധികം റണ്‍സ് സ്വന്തമാക്കിയത്. 330 ഇന്നിങ്സുകളില്‍ നിന്നായി 12,662 റണ്‍സാണ് പോണ്ടിങ്ങിന്‍റെ പേരിലുള്ളത്. പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള മുന്‍ ശ്രീലങ്കന്‍ ബാറ്റ്‌സ്‌മാന്‍ കുമാര്‍ സംഗക്കാരയുടെ പേരില്‍ 238 ഇന്നിങ്സുകളില്‍ നിന്നായി 9747 റണ്‍സാണുള്ളത്. ഏകദിനത്തില്‍ മൂന്നാമനായി ഇറങ്ങി വേഗത്തില്‍ പതിനായിരം കടക്കുന്ന ബാറ്റ്‌സ്‌മാനെന്ന റെക്കോഡും പൂനെയില്‍ കോലി സ്വന്തം പേരില്‍ കുറിച്ചു.
മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്‌മിത്തിനെ മറികടന്ന് മറ്റൊരു നേട്ടം കൂടി കോലി സ്വന്തമാക്കി. ഏകദിനത്തില്‍ നായകനെന്ന നിലയില്‍ കൂടുതല്‍ റണ്‍സെടുത്തവരുടെ പട്ടികയില്‍ സ്‌മിത്തിനെ മറികടന്ന് കോലി അഞ്ചാമതായി. പൂനെയില്‍ ഇംഗ്ലണ്ടിനെതിരെ 41 റണ്‍സെടുത്തതോടെയാണ് സ്‌മിത്തിനെ മറികടക്കാനായത്. 150 ഏകദിനങ്ങളില്‍ നിന്നും സ്‌മിത്ത് സ്വന്തമാക്കിയ 5,416 റണ്‍സെന്ന നേട്ടമാണ് കോലി തന്‍റെ 94ാമത്തെ ഏകദിനത്തില്‍ മറികടന്നത്. \