പൂനെ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് മങ്ങിയ തുടക്കം. ടോസ് നേടി ബൗളിങ്ങ് തെരഞ്ഞെടുത്ത സന്ദര്‍ശകര്‍ക്കെതിരെ അവസാനം വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 104 റണ്‍സെടുത്തു. 39 റണ്‍സെടുത്ത നായകന്‍ വിരാട് കോലിയും 33 റണ്‍സെടുത്ത ലോകേഷ് രാഹുലുമാണ് ക്രീസില്‍.
ഓപ്പണര്‍മാരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്‌ടമായത്. രോഹിത് ശര്‍മ 25 റണ്‍സെടുത്തും ധവാന്‍ നാല് റണ്‍സെടുത്തും പവലിയനിലേക്ക് മടങ്ങി. ഇംഗ്ലണ്ടിന് വേണ്ടി സാം കറാനും ടോപ്ലിയും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
പൂനെയിലെ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് മൂന്ന് മാറ്റവുമായി ഇറങ്ങിയപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമാണുള്ളത്. പരിക്കേറ്റ ശ്രേയസ് അയ്യർക്ക് പകരം റിഷഭ് പന്താണ് ഇന്ത്യക്ക് വേണ്ടി കളിക്കുന്നത്. ആദ്യ ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയ സ്‌പിന്നര്‍ കുല്‍ദീപ് യാദവിന് നായകന്‍ കോലി ഒരവസരം കൂടി അനുവദിച്ചു.
മറുഭാഗത്ത് നായകന്‍ ഓയിന്‍ മോര്‍ഗന്‍റെ അഭാവത്തില്‍ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്. പരിക്കേറ്റ മോര്‍ഗന് പകരം ഡേവിഡ് മലാനും സാം ബില്ലിങിന് പകരം ലിവിങ്സ്റ്റണും മാര്‍ക് വുഡിന് പകരം ടോപ്ലിയും ടീമില്‍ ഇടം നേടി.
ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് 2-0ത്തിന് പരമ്പര സ്വന്തമാക്കാന്‍ സാധിക്കും. നേരത്തെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ 66 റണ്‍സിന് ജയിച്ചിരുന്നു. ഒപ്പമെത്തി പരമ്പര പ്രതീക്ഷ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബട്‌ലറും കൂട്ടരും.