പൂനെ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള വമ്പന്‍ പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ പര്യടനത്തിലെ സമ്പൂര്‍ണ പരാജയം ഒഴിവാക്കാന്‍ ഇംഗ്ലണ്ടും ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായ മൂന്നാമത്തെ പരമ്പര നഷ്‌ടം ഒഴിവാക്കാന്‍ ഇന്ത്യയും നാളെ ഇറങ്ങും. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ്, ടി20 പരമ്പരകള്‍ സ്വന്തമാക്കിയ വിരാട് കോലിയും കൂട്ടരും ആത്മവിശ്വാസത്തോടെയാണ് ഇംഗ്ലണ്ടിനെ പൂനെയില്‍ നേരിട്ടത്. എന്നാല്‍ ആദ്യ മത്സരത്തില്‍ 66 റണ്‍സിന്‍റെ ജയം സ്വന്തമാക്കിയ ഇന്ത്യക്ക് രണ്ടാമത് സന്ദര്‍ശകരോട് ഏറ്റുമുട്ടിയപ്പോള്‍ അടിതെറ്റി. 337 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ സ്വന്തമാക്കിയിട്ടും 39 പന്ത് ശേഷിക്കെ ആറ് വിക്കറ്റിന്‍റെ പരാജയമാണ് ടീം ഇന്ത്യക്ക് ഏറ്റുവാങ്ങിയത്.
രണ്ടാം ഏകദിനത്തില്‍ മധ്യ ഓവറുകളില്‍ ബാറ്റ്‌സ്‌്മാന്‍മാര്‍ സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്താതിരുന്നതും തുടക്കത്തിലെ വിക്കറ്റ് വീഴ്‌ത്താന്‍ സാധിക്കാതെ പോയതും കുല്‍ദീപ് യാദവും ക്രുണാല്‍ പാണ്ഡ്യയും റണ്‍ വിട്ടുകൊടുക്കുന്നതില്‍ അലംഭാവം കാണിച്ചതും ടീം ഇന്ത്യക്ക് തിരിച്ചടിയായി. ക്രുണാല്‍ പാണ്ഡ്യ ആറ് ഓവറില്‍ വിക്കറ്റൊന്നും വീഴ്‌ത്താതെ 72 റണ്‍സാണ് വഴങ്ങിയപ്പോള്‍ കുല്‍ദീപ് യാദവ് 10 ഓവറില്‍ റണ്ണൊന്നും വഴങ്ങാതെ 84 റണ്‍സും വഴങ്ങി. കഴിഞ്ഞ മത്സരത്തില്‍ എട്ട് സിക്‌സുകളാണ് കുല്‍ദീപ് വഴങ്ങിയത്. ഇതോടെ ഒരു ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ഇന്ത്യന്‍ ബൗളറെന്ന നാണക്കേടിന്‍റെ റെക്കോഡും കുല്‍ദീപിന് സ്വന്തമാക്കേണ്ടി വന്നു.
ബൗളിങ്ങ് ഡിപ്പാര്‍ട്ടുമെന്‍റില്‍ പേസര്‍മാരും പരിമിതികള്‍ക്ക് നടുവിലാണ്. നീണ്ട ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ഭുവനേശ്വര്‍ കുമാറാണ് പേസ് ആക്രമണത്തിന് നേതൃത്വം നല്‍കുന്നത്. 116 ഏകദിനങ്ങളില്‍ നിന്നായി 135 വിക്കറ്റുകളാണ് ഭുവനേശ്വര്‍ വീഴ്‌ത്തിയത്. ഇന്‍ സ്വിങ്ങറുകളും ഔട്ട് സ്വിങ്ങറുകളും അനായാസം വഴങ്ങുന്ന ഭുവനേശ്വര്‍ താളം കണ്ടെത്തിയാല്‍ ഇംഗ്ലീഷ് ബാറ്റ്‌സ്‌മാന്‍ വിയര്‍ക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ നാല് വിക്കറ്റ് വീഴ്‌ത്തിയ പ്രസിദ്ധ് കൃഷ്‌ണയും ഇംഗ്ലണ്ടിന് വലിയ വെല്ലുവളി ഉയര്‍ത്തും. രണ്ട് ഏകദിനങ്ങളിലായി പ്രസിദ്ധ് ആറ് വിക്കറ്റുകളാണ് വീഴ്‌ത്തിയത്.
മുന്‍നിര ബാറ്റ്‌സ്‌മാന്‍മാര്‍ ഫോമിലേക്കുയര്‍ന്നത് ടീം ഇന്ത്യക്ക് കരുത്തുപകരുന്നുണ്ട്. നീണ്ട ഇടവേളക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ റിഷഭ് പന്ത് ഉള്‍പ്പെടെയുള്ളവര്‍ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തും. മധ്യനിരയില്‍ ഓള്‍ റൗണ്ടറെന്ന നിലയില്‍ ക്രുണാല്‍ പാണ്ഡ്യക്ക് പകരം ബാറ്റ്‌സമാനെ പരിഗണിച്ചേക്കും. കഴിഞ്ഞ മത്സരത്തില്‍ ബൗളറെന്ന നിലിയില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയതാണ് ക്രുണാലിന് തിരിച്ചടിയായത്.