അഹമ്മദാബാദ്:അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറിയതിന്‍റെ അമ്പതാം വാര്‍ഷികത്തില്‍ സുനില്‍ ഗവാസ്‌കര്‍ക്ക് ബിസിസിഐയുടെ ആദരം. മൊട്ടേരയില്‍ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിന്‍റെ ഇടവേളയിലാണ് ഗവാസ്‌കറെ ബിസിസിഐ ഉപഹാരം നല്‍കി ആദരിച്ചത്.
1971 മാര്‍ച്ച് ആറിന് വെസ്റ്റ് ഇന്‍ഡീസിന് എതിരെയായിരുന്നു സുനില്‍ ഗാവസ്‌കര്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഗവാസ്‌കറുടെ മികവില്‍ പരമ്പരയിലെ ഒരു ടെസ്റ്റില്‍ കരീബിയന്‍സിനെ അവരുടെ നാട്ടില്‍ പരാജയപ്പെടുത്താനും ഇന്ത്യക്കായി. വിന്‍ഡീസിനെതിരായ അഞ്ചാമത്തെ ടെസ്റ്റിലായിരുന്നു ഇന്ത്യയുടെ ജയം. അഞ്ചാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയോടെ 124ഉം രണ്ടാം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറിയോടെ 222 റണ്‍സും ഗവാസ്‌കര്‍ സ്വന്തമാക്കി. ലോകോത്തര പേസ് ബൗളര്‍മാരെ ഹെല്‍മെറ്റ് ധരിക്കാതെ നേരിട്ട ഗവാസ്‌കര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് നേടുന്ന ആദ്യ ബാറ്റ്‌സ്‌മാന്‍ കൂടിയാണ്.
1987 നവംബര്‍ അഞ്ചിന് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുമ്പോള്‍ 125 ടെസ്റ്റുകളില്‍ നിന്നായി 10,122 റണ്‍സും 108 ഏകദിനങ്ങളില്‍ നിന്നായി 3092 റണ്‍സും ഗവാസ്‌കറുടെ അക്കൗണ്ടിലുണ്ടായിരുന്നു. 1983ല്‍ കപിലിന്‍റെ ചെകുത്താന്‍മാര്‍ ഇന്ത്യക്ക് വേണ്ടി ലോകകപ്പ് നേടുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഗവാസ്‌കറും അംഗമായിരുന്നു. അരങ്ങേറ്റ പരമ്പരയില്‍ ഗവാസ്‌കര്‍ നേടിയ 774 റണ്‍സെന്ന റെക്കോഡ് ഇതേവരെ തകര്‍ക്കാനായിട്ടില്ല.
എഴുപത്തിയൊന്നാം വയസിലും ചെറുപ്പം കൈവിടാത്ത ഗവാസ്‌കര്‍ ക്രിക്കറ്റില്‍ അരങ്ങേറിയതിന്‍റെ അമ്പതാം വാര്‍ഷികത്തില്‍ സമൂഹമാധ്യമത്തില്‍ പുതിയ ഇന്നിങ്സ് തുടങ്ങുകയാണ്. ഇന്‍സ്റ്റഗ്രാമിലാണ് ഗവാസ്‌കര്‍ അക്കൗണ്ട് തുറന്നത്. ഇന്‍സ്റ്റഗ്രാമിലെ ആദ്യ പോസ്റ്റില്‍ പതിവുപോലെ പ്രായം തളര്‍ത്താത്ത ചുറുചുറുക്കോടെ ഗവാസ്‌കര്‍ പ്രത്യക്ഷപെട്ടു. ആദ്യ അന്താരാഷ്‌ട്ര മത്സരത്തിന് എത്തുന്നതുപോലെയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലേക്ക് ചുവട് വെക്കുന്നതെന്ന് ഗവാസ്‌കര്‍ പോസ്റ്റില്‍ പറഞ്ഞു.