ലണ്ടന്‍:ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ പോരാട്ടത്തിനായി സതാംപ്‌റ്റണിലെ റോസ്‌ബൗള്‍ സ്റ്റേഡിയത്തിലെ ഗാലറികള്‍ തുറന്ന് കൊടുക്കും. വിരാട് കോലിയും കൂട്ടരും ന്യൂസിലന്‍ഡും തമ്മിലുള്ള ഫൈനല്‍ മത്സരം നേരില്‍ കാണാന്‍ 4,000 പേര്‍ക്ക് അവസരം ലഭിക്കും. അടുത്ത മാസം 18 മുതലാണ് ഫൈനല്‍ പോരാട്ടം. ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്‍റേതാണ് കാണികളെ പ്രവേശിപ്പിക്കാനുള്ള തീരുമാനം.
കൊവിഡിനെ തുടര്‍ന്ന് 2019ല്‍ അടച്ചുപൂട്ടിയ ഇംഗ്ലണ്ടിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലേക്ക് ആദ്യമായാണ് ഒരു അന്താരാഷ്‌ട്ര മത്സരത്തില്‍ കാണികള്‍ക്ക് പ്രവേശനം ലഭിക്കുന്നത്. നേരത്തെ ആഭ്യന്തര കൗണ്ടി ക്രിക്കറ്റിന്‍റെ ഭാഗമായി സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിച്ച് വിജയിച്ച ശേഷമാണ് ഇസിബിയുടെ പുതിയ നീക്കം. വരും ദിവസങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇസിബി.