പൂനെ: ടീം ഇന്ത്യ പടുത്തുയര്‍ത്തിയ വമ്പന്‍ സ്‌കോര്‍ മറികടന്ന് രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് ആറ് വിക്കറ്റിന്‍റെ ജയം. ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സെന്ന വിജയ ലക്ഷ്യം ജോസ് ബട്ട്‌ലറും കൂട്ടരും 39 പന്ത് ശേഷിക്കെ സ്വന്തമാക്കി. ഡേവിഡ് മലാന്‍ 16 റണ്‍സെടുത്തും ലിവിങ്ങ്സ്റ്റണ്‍ 27 റണ്‍സെടുത്തും പുറത്താകാതെ നിന്നു.
സെഞ്ച്വറിയോടെ 124 റണ്‍സെടുത്ത ജോണി ബെയര്‍സ്റ്റോയുടെ കരുത്തിലാണ് ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിച്ചത്. 112 പന്തില്‍ ഏഴ് സിക്‌സും 11 ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു ബെയര്‍സ്റ്റോയുടെ ഇന്നിങ്സ്. ബെയര്‍സ്റ്റോയുടെ കരിയറിലെ 17-ാമത്തെ സെഞ്ച്വറിയാണ് പൂനെയില്‍ പിറന്നത്. ബെയര്‍സ്റ്റോയും ബെന്‍ സ്റ്റോക്‌സും ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് കരുത്തായത്. ഇരുവരും ചേര്‍ന്നുള്ള പാര്‍ട്ട്ണര്‍ഷിപ്പില്‍ 175 റണ്‍സാണ് സ്‌കോര്‍ബോഡില്‍ കൂട്ടിച്ചേര്‍ത്തത്. ഇരുവരും ചേര്‍ന്ന് 17 സിക്‌സുകളാണ് കണ്ടെത്തിയത്.
52 പന്തില്‍ 10 സിക്‌സും ഒമ്പത് ബൗണ്ടറിയും ഉള്‍പ്പെടെ 99 റണ്‍സെടുത്ത ബെന്‍ സ്റ്റോക്‌സിന് നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് സെഞ്ച്വറി നഷ്‌ടമായത്. ഭുവനേശ്വര്‍ കുമാറിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച് വഴങ്ങിയാണ് സ്റ്റോക്‌സ് പുറത്തായത്. ഇരുവരെയും കൂടാതെ ഓപ്പണര്‍ ജേസണ്‍ റോയി 52 പന്തില്‍ 55 റണ്‍സുമായി തിളങ്ങി.