അഹമ്മദാബാദ്: ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം ഒരു കാലത്ത് കേരളാ ക്രിക്കറ്റിന്‍റെ മേല്‍വിലാസമായിരുന്ന കെഎൻ അനന്തപത്മനാഭന്‍റെ ആ ആഗ്രഹം സഫലമാകുന്നു. ടീം ഇന്ത്യ മൊട്ടേരയില്‍ ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍ അനന്തപത്മനാഭനും ഫീല്‍ഡിലുണ്ടാകും. ഫീല്‍ഡ് അമ്പയറായാണ് അനന്തപത്മനാഭന്‍ മൊട്ടേരയിലേക്ക് എത്തുന്നത്. വെള്ളിയാഴ്‌ച രാത്രി ഏഴിനാണ് അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മാച്ചിന് തുടക്കമാകുക.
മുന്‍ കേരള രഞ്ജി ട്രോഫി ടീം നായകന്‍ കൂടിയായ അദ്ദേഹത്തെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് പത്തിനാണ് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍റെ അമ്പയര്‍ പാനലിലേക്ക് തെരഞ്ഞെടുത്തത്. 2006ല്‍ ബിസിസിഐ അമ്പയറിങ് പരീക്ഷ പാസായ അനന്തപത്മനാഭന്‍ രഞ്ജി ട്രോഫി, മുഷ്‌താഖ് അലി ടി20, ഐപിഎല്‍ തുടങ്ങിയ ആഭ്യന്തര മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്. നൂറിലധികം ആഭ്യന്തര മത്സരങ്ങള്‍ നിയന്ത്രിച്ച ഏക മലയാളി അമ്പയര്‍ കൂടിയാണ് അദ്ദേഹം. കേരളത്തിൽ നിന്ന് അന്താരാഷ്ട്ര അമ്പയർ പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന നാലാമത്തെ മലയാളിയാണ് അനന്തപത്മനാഭൻ. ജോസ് കുരിശിങ്കൽ, ഡോ.കെ.എൻ രാഘവൻ, എസ്. ദണ്ഡപാണി എന്നിവരാണ് മറ്റു മലയാളികൾ.