ലണ്ടൻ: മാനസിക സമ്മർദം മൂലം ഇംഗ്ലണ്ടിന്‍റെ സ്റ്റാർ ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സ് ക്രിക്കറ്റിൽ നിന്ന് ഇടവേള എടുക്കുന്നു. ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഓഗസ്റ്റ് നാലിന് തുടങ്ങാനിരിക്കെയാണ് സ്റ്റോക്‌സിന്‍റെ പിന്മാറ്റം. തന്‍റെ മാനസിക ആരോഗ്യത്തിന് മുൻഗണന നൽകുകയാണെന്നും അതിനാൽ ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാലത്തേക്ക് വിട്ടുനിൽക്കാൻ തീരുമാനിച്ചെന്നും സ്റ്റോക്‌സ് വ്യക്തമാക്കി.
Also Read: ഇന്ത്യൻ ടീമിന്‍റെ പരിശീലകസ്ഥാനം; ചിന്തിച്ചിട്ടില്ലെന്ന് രാഹുൽ ദ്രാവിഡ്
സ്റ്റോക്‌സിന്‍റെ ഇടത് ചൂണ്ടുവിരലിന് ഏറ്റ പരിക്ക് ഇതുവരെ ഭേദപ്പെട്ടിട്ടില്ലെന്നും വിശ്രമിക്കാൻ ഇടവേള എടുത്തിട്ടുണ്ടെന്നും ഒരു പ്രസ്താവനയിലൂടെ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും(ഇസിബി) അറിയിച്ചു. സ്റ്റോക്‌സിന്‍റെ തീരുമാനത്തെ ഇസിബി പിന്തുണയ്ക്കുന്നുവെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റിന്‍റെ മാനേജിംഗ് ഡയറക്ടർ ആഷ്‌ലി ഗിൽസ് വ്യക്തമാക്കി.
മാനസിക ആരോഗ്യത്തെക്കുറിച്ച് തുറന്നുപറയാൻ സ്റ്റോക്സ് ധൈര്യം കാണിച്ചു. ഞങ്ങളുടെ ശ്രദ്ധ എല്ലായ്പ്പോഴും താരങ്ങളുടെ മാനസികാരോഗ്യവും ക്ഷേമവും ആയിരിക്കുമെന്നും ആഷ്‌ലി ഗിൽസ് പറഞ്ഞു. കൊവിഡ് കാലത്ത് ബയോ ബബിൾ നിയന്ത്രണങ്ങൾക്കുള്ളിൽ കളിക്കേണ്ടി വരുന്ന താരങ്ങൾ അനുഭവിക്കുന്ന മാനസിക സമ്മർദം നേരത്തെ തന്നെ ചർച്ചയായിരുന്നു.
എന്നാൽ ആദ്യമായാണ് ഒരു ക്രിക്കറ്റ് താരം മാനസിക സമ്മർദത്തേ തുടർന്ന് ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാലത്തേക്ക് വിട്ടുനിൽക്കാൻ തീരുമാനിക്കുന്നത്. മാനസിക സമ്മർദം അതിജീവിക്കാനായി അമേരിക്കയുടെ ജിംനാസ്റ്റിക്സ് താരം സിമോൺ ബൈൽസ് ഒളിമ്പിക്‌സ് മത്സരങ്ങളിൽ നിന്ന് ഈ ആഴ്ചയുടെ തുടക്കത്തിൽ പിന്മാറിയിരുന്നു. സിമോണിന്‍റെ പിന്മാറ്റത്തെ തുടർന്ന് കായിക താരങ്ങളുടെ മാനസിക ആരോഗ്യം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നതിനിടയിൽ ആണ് ബെൻ സ്റ്റോക്‌സിന്‍റെ ഇത്തരം ഒരു തീരുമാനം പുറത്തു വന്നിരിക്കുന്നത്.