ഓവൽ : ആദ്യ ഏകദിനത്തിൽ പേസർമാരായ ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും കൊടുങ്കാറ്റായി ആഞ്ഞുവീശിയതോടെ കടപുഴകി വീണ് ഇംഗ്ലണ്ട് ബാറ്റിങ് നിര. ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 25. 2 ഓവറിൽ 110 റൺസിന് എല്ലാവരും പുറത്തായി. മുൻനിര ബാറ്റർമാരായ ജേസൺ റോയ്, ജോ റൂട്ട്, ബെൻ സ്റ്റോക്‌സ് എന്നിവര്‍ ഡക്കായി മടങ്ങിയതിന് പിന്നാലെ ഇംഗ്ലണ്ട് ബാറ്റർമാരുടെ പവലിയനിലേക്കുള്ള ഘോഷയാത്രയ്ക്കാണ് ഓവൽ സാക്ഷിയായത്.
ഇംഗ്ലീഷ് നിരയിൽ ടോപ് ഓർഡറിലെ ആദ്യ നാല് ബാറ്റർമാരിൽ മൂന്നുപേരും ഒരു മത്സരത്തിൽ പൂജ്യത്തിന് പുറത്താകുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. ഇതിനുമുൻപ് 2018ൽ ഓസ്ട്രേലിയയ്‌ക്കെതിരെ അഡ്‍ലെയ്‌ഡില്‍ ജേസൺ റോയ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ എന്നിവർ പൂജ്യത്തിന് പുറത്തായതാണ് ആദ്യ സംഭവം. അതോടൊപ്പം ഏകദിനത്തിൽ ഇന്ത്യക്കെതിരായി ഇംഗ്ലണ്ടിന്‍റെ ഏറ്റവും ചെറിയ സ്‌കോറാണിത്. ഇതിന് മുൻപ് 2006 ലെ ചാമ്പ്യൻസ് ട്രോഫിയിൽ നേടിയ 125 റൺസായിരുന്നു താഴ്ന്ന സ്കോർ.
ഇന്ത്യൻ ടീമിനെതിരെ യാതാരു ദാക്ഷണ്യവും കാണിക്കില്ലെന്ന് വീമ്പ് പറഞ്ഞെത്തിയ ബട്‌ലറുടെയും സംഘത്തിന്‍റെയും ശവപ്പറമ്പായി ഓവൽ ക്രിക്കറ്റ് സ്റ്റേഡിയം. ഏകദിന ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും ചെറിയ സ്കോറിന് പുറത്താകുമെന്ന തോന്നലുയർന്നെങ്കിലും, ഒൻപതാം വിക്കറ്റിൽ ഡേവിഡ് വില്ലി – ബ്രൈഡൻ കേഴ്‌സ് സഖ്യം കൂട്ടിച്ചേർത്ത 35 റൺസാണ് ആതിഥേയരെ രക്ഷിച്ചത്. വെറും 68 റൺസിനിടെ എട്ടുവിക്കറ്റ് നഷ്‌ടമാക്കിയ ഇംഗ്ലണ്ട്, അവസാന രണ്ടുവിക്കറ്റിൽ ചേർത്തത് 42 റൺസാണ്.
32 പന്തിൽ ആറ് ഫോറുകളോടെ 30 റൺസെടുത്ത ക്യാപ്റ്റൻ ജോസ് ബട്‍ലറാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. ഇംഗ്ലീഷ് നിരയിൽ ക്യാപ്റ്റൻ ജോസ് ബട്‍ലർക്ക് പുറമെ രണ്ടക്കം കണ്ടത് മൂന്നുപേരാണ്. മോയിൻ അലി (18 പന്തിൽ രണ്ട് ഫോറുകളോടെ 14), ഡേവിഡ് വില്ലി (26 പന്തിൽ മൂന്ന് ഫോറുകളോടെ 21), ബ്രൈഡൻ കേഴ്സ് (26 പന്തിൽ രണ്ടുഫോറുകളോടെ 15) എന്നിവർ. റീസ് ടോപ്‍ലി ഏഴുപന്തിൽ ഒരു സിക്‌സ് സഹിതം ആറ് റൺസുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ട് നിരയിലെ ഏക സിക്‌സർ കൂടിയാണിത്. ജോണി ബെയർസ്റ്റോ (20 പന്തിൽ ഏഴ്), ക്രെയ്‌ഗ് ഓവർട്ടൻ (ഏഴ് പന്തിൽ എട്ട്) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രകടനം.
കരിയർ ബെസ്റ്റുമായി ബുമ്ര : ഏകദിന കരിയറിലെ രണ്ടാമത്തെ മാത്രം അഞ്ച് വിക്കറ്റ് നേട്ടമാണ് ജസ്പ്രീത് ബുമ്രയുടെത്. 7.2 ഓവറിൽ മൂന്ന് മെയ്‌ഡന്‍ ഓവറുകൾ സഹിതം 19 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ബുമ്രയുടേത്, കരിയറിലെ ഏറ്റവും മികച്ച പ്രകടനം കൂടിയാണ്. അതോടൊപ്പം ഇംഗ്ലണ്ടിലെ ഒരു ഏകദിന മത്സരത്തിൽ ആറ് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ പേസർ കൂടിയാണ് ബുമ്ര. മുഹമ്മദ് ഷമി ഏഴ് ഓവറിൽ 31 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. പ്രസിദ്ധ് കൃഷ്‌ണ അഞ്ച് ഓവറിൽ 26 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി.