ഓവല്‍: ഇംഗ്ലണ്ടിന് എതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ജോ റൂട്ട് ഇന്ത്യയെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളില്‍ ഇന്ത്യൻ ബൗളിങിന്‍റെ കുന്തമുനയായിരുന്ന മുഹമ്മദ് ഷമിയും ഇശാന്ത് ശർമയുമില്ലാതെയാണ് ടീം ഇന്ത്യ ഓവലില്‍ ഇംഗ്ലണ്ടിനെ നേരിടുന്നത്. ഇരുവർക്കും പകരം ഷാർദുല്‍ താക്കൂറും ഉമേഷ് യാദവും കളിക്കും. ഇംഗ്ലണ്ട് ടീമിലും മാറ്റമുണ്ട്. ജോസ് ബട്‌ലർ, സാം കറൻ എന്നിവർക്ക് പകരം ഒലി പോപ്, ക്രിസ് വോക്‌സ് എന്നിവർ ഇംഗ്ലീഷ് ടീമിലെത്തി. ജോണി ബെയർസ്റ്റോ ആണ് വിക്കറ്റ് കീപ്പറുടെ റോളില്‍.
ഇന്ത്യയ്ക്ക് നിർണായകം
അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ മൂന്ന് മത്സരം കഴിഞ്ഞപ്പോൾ ഇരു ടീമുകളും ഓരോ മത്സരം ജയിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ ഓവലിലെ മത്സരം ഇരു ടീമിനും നിർണായകമാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള പോയിന്‍റ് കണക്കാക്കുമ്പോൾ ഇന്ത്യയ്ക്ക് കഴിഞ്ഞ മത്സരത്തിലെ ഇന്നിംഗ്സ് തോല്‍വി മറികടക്കാൻ ഈ മത്സരം ജയിച്ചേ തീരൂ.