ലണ്ടൻ : പ്രധാന പരിശീലകനും ടീം ഡയറക്‌ടറും സ്ഥാനമൊഴിഞ്ഞു. ഉടൻ തന്നെ ക്യാപ്റ്റനും പടിയിറങ്ങിയേക്കും, കഴിഞ്ഞ 14 മാസത്തിനിടെ നടന്ന 17 ടെസ്റ്റുകളിൽ ഒരു ജയം മാത്രം, ക്രിക്കറ്റിലെ അതികായൻമാരായ ഇംഗ്ലണ്ടിന് എന്താണ് സംഭവിച്ചത് ?
ഞായറാഴ്‌ച വെസ്റ്റ് ഇൻഡീസിനോട് 10 വിക്കറ്റ് തോൽവി ഏറ്റുവാങ്ങിയതോടെ ഇംഗ്ലീഷ് ക്രിക്കറ്റ് ടീം ആശയക്കുഴപ്പത്തിലാണ്. ഈ തോൽവിയോടെ തുടർച്ചയായ അഞ്ചാം ടെസ്‌റ്റ് പരമ്പരയിലാണ് ഇംഗ്ലണ്ട് തകർന്നടിഞ്ഞത്. ആഷസിൽ ഓസ്‌ട്രേലിയയോടേറ്റ 4-0 ന്‍റെ വമ്പൻ തോൽവിക്ക് പിന്നാലെ ഈ തോൽവികൂടിയാകുമ്പോൾ ടീമിൽ അടിമുടി മാറ്റങ്ങൾ കൊണ്ടുവരാൻ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് നിർബന്ധിതരാവും.
എന്നാൽ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് എവിടെ തുടങ്ങും? ഇംഗ്ലീഷ് ടെസ്റ്റ് ടീം വളരെയധികം പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. ന്യൂസിലൻഡിനും ദക്ഷിണാഫ്രിക്കയ്‌ക്കുമെതിരായ മൂന്ന് മത്സര പരമ്പര വരാനിരിക്കുന്നു. കൊവിഡ് മൂലം പാതിവഴിയിൽ നിർത്തിവച്ച അഞ്ച് മത്സരങ്ങളുള്ള പരമ്പര പൂർത്തിയാക്കാൻ ഇന്ത്യ മടങ്ങിയെത്തും. പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലാണ്.
ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിന്‍റെ നായകനെ മാറ്റണോ ? :വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര തോൽവിക്ക് ശേഷം ജോ റൂട്ടിന് നായകസ്ഥാനം നഷ്‌ടമായേക്കും. ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റനായി തുടരുവാന്‍ ആഗ്രഹം ഉണ്ടെന്നാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് വ്യക്തമാക്കിയത്. ആഷസ് തോൽവിക്ക് പിന്നാലെ പരിശീലകരായ ക്രിസ് സിൽവർവുഡും ഗ്രഹാം തോർപ്പിനും സ്ഥാനം നഷ്‌ടമായിരുന്നു.
ഇതുവരെ റൂട്ട് 64 ടെസ്‌റ്റിൽ ഇംഗ്ലണ്ടിനെ നയിച്ചു. റൂട്ട് നായകനായി ആറാം വർഷത്തിലേക്ക് കടക്കുമ്പോൾ, ക്യാപ്റ്റൻസി റൂട്ടിന്‍റെ ഫോമിനെ ബാധിച്ചിട്ടില്ല. വിൻഡീസിനെതിരെ രണ്ട് സെഞ്ച്വറികൾ കൂടി നേടി 2021 മുതൽ സെഞ്ച്വറി നേട്ടം എട്ടിലെത്തിച്ചു.