ലണ്ടൻ : ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 191 റണ്‍സിന് ഓൾഔട്ട് ആയി. 57 റണ്‍സ് നേടിയ വാലറ്റക്കാരൻ ഷാർദുൽ താക്കൂറും, 50 റണ്‍സ് നേടിയ ക്യാപ്‌റ്റൻ വിരാട് കോലിയുമാണ് ഇന്ത്യൻ ഇന്നിങ്സിൽ കുറച്ചുനേരമെങ്കിലും പിടിച്ചുനിന്നത്.
തുടക്കത്തിലേ പിടിമുറുക്കി ഇംഗ്ലണ്ട്
ആദ്യ ഏഴോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സിലെത്തിയ ഇന്ത്യ മികച്ച തുടക്കമിട്ടെങ്കിലും, ബൗളിങ് മാറ്റത്തില്‍ എത്തിയ ക്രിസ് വോക്‌സ് രോഹിത് ശര്‍മയെ(11) ജോണി ബെയര്‍സ്റ്റോയുടെ കൈകളിലെത്തിച്ചതോടെ ഇന്ത്യയുടെ തകര്‍ച്ച തുടങ്ങി. തൊട്ടുപിന്നാലെ കെ.എല്‍ രാഹുലിനെ (17) ഒലി റോബിന്‍സണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.
തുടർന്നിറങ്ങിയ ചേതേശ്വര്‍ പൂജാരയെ (4) ജെയിംസ് ആന്‍ഡേഴ്‌സണ്‍ ജോണി ബെയര്‍സ്റ്റോയുടെ കൈകളിലെത്തിച്ചു. സ്ഥാനക്കയറ്റം കിട്ടിയിറങ്ങിയ ജഡേജ(10) കോലിയോടൊപ്പം അൽപസമയം പിടിച്ചുനിന്നെങ്കിലും ടീം സ്കോർ 69ൽ നില്‍ക്കെ ക്രിസ് വോക്സ് വിക്കറ്റിന് മുന്നിൽ കുരുക്കി.
രഹാനയോടൊപ്പം ചേർന്ന് മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാൻ ശ്രമിച്ച കോലി അർധശതകം പൂർത്തിയാക്കിയ ഉടനെ വിക്കറ്റിനുമുന്നിൽ വീണു. ഒലി റോബിന്‍സനാണ് ക്യാപ്റ്റനെ പുറത്താക്കിയത്. തൊട്ടുപിന്നാലെ അജിങ്ക്യ രഹാനെ (14) ഓവർടണിന്‍റെ പന്തിൽ ക്യാച്ച് നൽകി മടങ്ങി. തുടർന്ന് റിഷഭ് പന്തിനെ (9) നിലയുറപ്പിക്കും മുന്നേ തന്നെ ക്രിസ് വോക്‌സ് മടക്കി.
ആഞ്ഞടിച്ച് താക്കൂർ
അവസാന നിമിഷം തകർത്തടിച്ച ഷാര്‍ദുല്‍ താക്കൂറാണ് ഇന്ത്യൻ സ്കോർബോർഡിന് കുറച്ചെങ്കിലും ഉണർവ് നൽകിയത്. 36 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഏഴ് ഫോറുമടക്കം 57 റണ്‍സെടുത്ത ഷാര്‍ദുലിന്‍റെ ഇന്നിങ്‌സാണ് ഇന്ത്യയെ 191-ല്‍ എത്തിച്ചത്. എട്ടാം വിക്കറ്റില്‍ ഉമേഷ് യാദവിനൊപ്പം ഷാര്‍ദുല്‍ കൂട്ടിച്ചേര്‍ത്ത 63 റണ്‍സ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി.
ടീം സ്കോർ 190ൽ വെച്ച് ഷാര്‍ദുലിനെ ക്രിസ് വോക്സ് വിക്കറ്റിന് മുന്നിൽ കുടുക്കി. പിന്നാലെ ഉമേഷ് യാദവ്(10) ജസ്‌പ്രീത് ബുംറ(0) എന്നിവരെക്കൂടി പുറത്താക്കി ഇംഗ്ലണ്ട് ബോളർമാർ ഇന്ത്യൻ ഇന്നിങ്സിന് തിരശ്ശീലയിട്ടു. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് നാല് വിക്കറ്റും, ഒലി റോബിൻസണ്‍ മൂന്ന് വിക്കറ്റും, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഓവർടണ്‍ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ALSO READ:ഓവലില്‍ രണ്ട് റെക്കോഡുകൾ കുറിച്ച് വിരാട് കോലി ; പിന്നിലാക്കിയത് സച്ചിനേയും ധോണിയേയും
രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. കഴിഞ്ഞ മത്സരങ്ങളില്‍ ഇന്ത്യൻ ബൗളിങിന്‍റെ കുന്തമുനയായിരുന്ന മുഹമ്മദ് ഷമിക്കും ഇശാന്ത് ശർമക്കും പകരം ഷാർദുല്‍ താക്കൂറിനെയും ഉമേഷ് യാദവിനെയും ടീമിൽ ഉൾപ്പെടുത്തി. ഇംഗ്ലണ്ട് ടീമിൽ ജോസ് ബട്‌ലർ, സാം കറൻ എന്നിവർക്ക് പകരം ഒലി പോപ്, ക്രിസ് വോക്‌സ് എന്നിവർ ടീമിലെത്തി.
ഇരുകൂട്ടർക്കും വിജയം നിർണായകം
അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ മൂന്ന് മത്സരം കഴിഞ്ഞപ്പോൾ ഇരു ടീമുകളും ഓരോ മത്സരം ജയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഓവലിലെ മത്സരം ഇരുടീമിനും നിർണായകമാണ്. ആദ്യടെസ്റ്റ് സമനിലയായപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 151 റണ്‍സിന്‍റെ അപ്രതീക്ഷിത വിജയം നേടി. മൂന്നാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 76 റണ്‍സിനും ഇന്ത്യ തോൽവി വഴങ്ങുകയായിരുന്നു.