ദുബൈ: ലോകകപ്പ് ടി20യിൽ വെസ്റ്റ് ഇൻഡീസിനെ തകർത്തെറിഞ്ഞ് ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റ് ഇൻഡീസ് നിരയെ വെറും 55 റണ്‍സിന് ഓൾ ഒട്ട് ആക്കിയ ഇംഗ്ലണ്ട് 70 ബോളുകൾ ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു.
24 റണ്‍സെടുത്ത ജോസ് ബട്ട്ലറാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. ജേസണ്‍ റോയ്(11), ജോണി ബെയർസ്റ്റോ (9), മൊയിൻ അലി (3), ലിയാം ലിവിങ്സ്റ്റണ്‍ (1) എന്നിവർ വളരെ പെട്ടന്ന് പുറത്തായി. ബട്‌ലറിനോടൊപ്പം ക്യാപ്‌റ്റൻ ഇയോൻ മോർഗൻ 7 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത വിൻഡീസ് നിരയെ ഇംഗ്ലണ്ടിന്‍റെ ബോളർമാർ വരിഞ്ഞ് മുറുക്കുകയായിരുന്നു. 14.2 ഓവറിൽ വെറും 55 റണ്‍സിനാണ് വിൻഡീസ് നിര ഓൾ ഔട്ട് ആയത്. 13 റണ്‍സെടുത്ത ക്രിസ് ഗെയ്‌ൽ മാത്രമാണ് വിൻഡീസ് നിരയിൽ രണ്ടക്കം കടന്നത്.
ലെന്‍ഡ്ല്‍ സിമ്മണ്‍സ് (3), എവിന്‍ ലൂയിസ് (6), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (9), ഡ്വയ്ന്‍ ബ്രാവോ (5), നിക്കോളാസ് പൂരന്‍ (1), നായകന്‍ കരെണ്‍ പൊള്ളാര്‍ഡ് (6), ആന്ദ്രെ റസ്സല്‍ (0), അകീല്‍ ഹൊസെയ്ന്‍ (6*), ഒബെഡ് മക്കോയ് (0), രവി രാംപോള്‍ (3) എന്നിവർ കണ്ണടച്ച് തുറക്കും മുന്നേ കൂടാരം കയറി.
നാല് വിക്കറ്റുമായി ആദില്‍ റഷീദ് വിൻഡീസ് നിരയുടെ നട്ടെല്ലൊടിച്ചപ്പോൾ മൊയീന്‍ അലി, ടൈമല്‍ മില്‍സ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. ക്രിസ് വോക്‌സ്, ക്രിസ് ജോര്‍ദാൻ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി. ആദില്‍ റഷീദ് 2.2 ഓവറില്‍ രണ്ട് റണ്‍സിനാണ് നാല് വിക്കറ്റ് കൊയ്‌തത്.
ALSO READ :ടി 20 ലോകകപ്പ് : ഇംഗ്ലണ്ടിനെതിരെ തരിപ്പണമായി വെസ്റ്റ് ഇൻഡീസ്, 55 റണ്‍സിന് ഓൾ ഔട്ട്
ബാറ്റിങ്ങിൽ തകർന്നടിഞ്ഞ വിൻഡീസ് ടി20 ലോകകപ്പ് ചരിത്രത്തിൽ ഒരു സ്ഥിരാംഗ രാജ്യത്തിന്‍റെ ഏറ്റവും കുറഞ്ഞ സ്കോർ എന്ന നാണക്കേടിന്‍റെ റെക്കോഡും സ്വന്തമാക്കി. കൂടാതെ ടി20 ലോകകപ്പ് ചരിത്രത്തില്‍ ഏതെങ്കിലുമൊരു ടീമിന്‍റെ മൂന്നാമത്തെ കുറഞ്ഞ സ്‌കോറാണ് കരീബിയന്‍ ടീം ഇന്ന് നേടിയത്.