ലണ്ടന്‍: ടി20 ഫോര്‍മാറ്റില്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററായിരുന്ന ഇംഗ്ലണ്ട് താരം അലക്‌സ് ഹെയ്‌ൽസ് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 34-ാം വയസിലാണ് അലക്‌സ് ഹെയ്‌ൽസ് 12 വര്‍ഷത്തോളം നീണ്ട അന്താരാഷ്‌ട്ര കരിയര്‍ മതിയാക്കുന്നത്. 2011 ഓഗസ്റ്റിൽ ഇന്ത്യയ്‌ക്കെതിരായ ടി20 മത്സരത്തിലൂടെയായിരുന്നു താരം അന്താരാഷ്‌ട്ര അരങ്ങേറ്റം നടത്തിയത്. തുടര്‍ന്ന് 11 ടെസ്റ്റുകളിലും 70 ഏകദിനങ്ങളിലും 75 ടി20കളിലും ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
അന്താരാഷ്‌ട്ര തലത്തില്‍ ആകെ 156 മത്സരങ്ങളില്‍ നിന്നും 5066 റണ്‍സാണ് അലക്‌സ് ഹെയ്‌ൽസ് നേടിയിട്ടുള്ളത്. 2022-ല്‍ ടി20 ലോകകപ്പ് നേടിയ ഇംഗ്ലീഷ് ടീമിലും അലക്‌സ് ഹെയ്‌ൽസ് അംഗമായിരുന്നു. അന്താരാഷ്‌ട്ര തലത്തില്‍ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് വലിയ ബഹുമതിയാണെന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് താരം സോഷ്യല്‍ മീഡിയയില്‍ എഴുതി.
"ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റുകളിലുമായി 156 മത്സരങ്ങളില്‍ അന്താരാഷ്‌ട്ര തലത്തില്‍ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് ഒരു ബഹുമതിയാണ്. ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ചില ഓർമകളും ചില സൗഹൃദങ്ങളും ടീമിനൊപ്പം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മുന്നോട്ട് പോകാനുള്ള ശരിയായ സമയമാണിതെന്നാണ് എനിക്ക് തോന്നുന്നത്. ഇംഗ്ലണ്ട് കുപ്പായത്തില്‍ വലിയ ഉയര്‍ച്ചകളും വലിയ താഴ്‌ചകളും ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനായുള്ള അവസാന മത്സരം ഒരു ലോകകപ്പ് ഫൈനൽ വിജയിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെ സംതൃപ്തി തോന്നുന്നു" - അലക്‌സ് ഹെയ്‌ൽസ് വ്യക്തമാക്കി.